മൃതദേഹങ്ങൾ കത്തിക്കുകയും കൂട്ടക്കുഴിമാടങ്ങളിൽ മൂടുകയും ചെയ്യുന്നു; സുഡാനിൽ വംശഹത്യ മറച്ചുവെക്കാൻ ആർ.‌എസ്‌.എഫിന്റെ തീവ്രശ്രമം

ഖാർത്തൂം: മൃതദേഹങ്ങൾ കത്തിച്ചോ കൂട്ടക്കുഴിമാടങ്ങളിൽ കുഴിച്ചിട്ടോ ദാർഫുറിൽ നടക്കുന്ന കൂട്ടക്കൊലകളുടെ തെളിവുകൾ മറച്ചുവെക്കാൻ വിമത സൈന്യമായ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌.എസ്‌.എഫ്) തീവ്രമായ ശ്രമങ്ങൾ നടത്തിവരുന്നതായി സുഡാനീസ് മെഡിക്കൽ സംഘടന.

ഒക്ടോബർ 26ന് രക്തച്ചൊരിച്ചിലിലൂടെ നഗരം പിടിച്ചെടുത്തതിനുശേഷം സുഡാനിലെ പടിഞ്ഞാറൻ ദാർഫുർ മേഖലയിലെ എൽ ഫാഷറിന്റെ തെരുവുകളിൽ നിന്ന് അർധസൈനികർ നൂറുകണക്കിന് മൃതദേഹങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് സുഡാൻ ഡോക്ടർമാരുടെ നെറ്റ്‌വർക്ക് പറഞ്ഞു. എന്നാൽ, അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറച്ചുവെച്ചോ കത്തിച്ചോ മായ്‌ക്കാൻ കഴിയില്ല എന്നും നെറ്റ്‌വർക്ക് ​പ്രസ്താവിച്ചു.

എൽ ഫാഷറിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് ആർ.‌എസ്‌.എഫ് നടത്തിയ ഒരു സമ്പൂർണ വംശഹത്യയുടെ മറ്റൊരു അധ്യായമാണ്. മൃതദേഹങ്ങൾ വികൃതമാക്കുന്നത് നിരോധിക്കുകയും മരിച്ചവർക്ക് മാന്യമായ ശവസംസ്കാരത്തിനുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നഗ്നമായി ലംഘിക്കുന്നുവെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

കൂട്ടക്കൊലകൾ, ബലാത്സംഗം, പീഡനം എന്നിവക്കിടയിൽ എൽഫാഷറിലെ മൊത്തം ജനസംഖ്യയായ 260,000ൽ 82,000 പേരും പലായനം ചെയ്തതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറയുന്നു. പുറത്തുകടക്കാനാവാതെ ആയിരങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു.

വടക്കൻ പ്രദേശമായ എൽ ഫാഷറിലേക്ക് പലായനം ചെയ്ത നിരവധി ആളുകൾ റോഡിൽ മരിച്ചുവീഴുന്നതായും ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാലോ വെടിവെപ്പിന്റെ ഫലമായി പരിക്കേറ്റതിനാലോ ആണ് ഈ മരണങ്ങൾ എന്നും അൽ ജസീറയുടെ ഹിബ മോർഗൻ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.

ആർ.എസ്.എഫ് നഗരം കീഴടക്കിയതിനുശേഷം തീവ്രമായ അക്രമങ്ങൾ ചിത്രീകരിക്കുന്ന നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആശയവിനിമയത്തിന്റെ അഭാവം മൂലം പലർക്കും അവരുടെ കുടുംബാംഗങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാനാവുന്നില്ല. എൽ ഫാഷറിൽ അവരുടെ ബന്ധുക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം മൂലമോ അല്ലെങ്കിൽ ആർ‌.എസ്‌.എഫ് ലക്ഷ്യം വച്ചതുകൊണ്ടോ അവർ അധികകാലം അങ്ങനെ തുടരില്ലെന്ന് അവർ വിശ്വസിക്കുന്നുവെന്നും മോർഗൻ റിപ്പോർട്ട് ചെയ്തു.

ആർ‌.എസ്‌.എഫ് നയിക്കുന്ന ആഭ്യന്തര യുദ്ധത്തിൽ 2003 നും 2008 നും ഇടയിൽ 3 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടു. 27 ലക്ഷം പേർ വംശീയമായ അക്രമങ്ങളാൽ കുടിയിറക്കപ്പെട്ടു.

എൽ ഫാഷറിൽ നിന്ന് തവില പട്ടണത്തിലേക്ക് പലായനം ചെയ്ത സാധാരണക്കാരോട് സംസാരിച്ച ‘ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സി’ന്റെ പ്രതിനിധകളോട് പലായനം ചെയ്തവരിൽ പലരും തങ്ങൾ വംശീയമായി ഉന്നംവെക്കപ്പെട്ടതായി പറഞ്ഞു.

ഇരുണ്ട ചർമമുള്ള താമസക്കാർ, പ്രത്യേകിച്ച് സാഗാവ സിവിലിയന്മാർ ഓടിപ്പോകുമ്പോൾ വംശീയമായ അപമാനം, തരംതാഴ്ത്തൽ, ശാരീരികവും മാനസികവുമായ അക്രമം എന്നിവക്ക് വിധേയരാവുന്നതായി എൽ ഫാഷറിലെ യൂനിവേഴ്സിറ്റി വിദ്യാർഥിയായ ഹസ്സൻ ഒസ്മാൻ പറഞ്ഞു. ‘നിങ്ങളുടെ ചർമ്മം ഇളം നിറമാണെങ്കിൽ അവർ നിങ്ങളെ പോകാൻ അനുവദിച്ചേക്കാം. ഇത് പൂർണ്ണമായും വംശീയമായ ആക്രമണമാണ്’- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bodies are being burned and buried in mass graves; RSF's desperate attempt to cover up genocide in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.