ബെസോസിന്‍റെ ഉല്ലാസ നൗകക്ക് കടന്നുപോകാൻ ചരിത്രപ്രസിദ്ധമായ റോട്ടർഡാം പാലം പൊളിക്കും

ആംസ്റ്റർഡാം: ലോക കോടീശ്വരനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനായി നിർമിച്ച ഉല്ലാസ നൗകക്ക് കടന്നുപോകാൻ വേണ്ടി നെതർലൻഡ്സിലെ ചരിത്രപ്രസിദ്ധമായ റോട്ടർഡാം ഉരുക്കുപാലം പൊളിക്കുമെന്ന് റിപ്പോർട്ടുകൾ. പാലത്തിന്‍റെ ഒരു ഭാഗം പൊളിച്ചാൽ മാത്രമേ ബെസോസിന്‍റെ കൂറ്റൻ ഉല്ലാസ നൗകക്ക് കടന്നുപോകാൻ സാധിക്കുകയുള്ളൂ. നിർമാണശാലയിൽ നിന്ന് നൗക കടലിലെത്തിക്കാനുള്ള ഒരേയൊരു വഴിയായതിനാലാണ് പാലം പൊളിക്കേണ്ടി വരുന്നത്. പാലം പൊളിക്കാനുള്ള കപ്പൽ നിർമാണശാലയുടെ അഭ്യർഥന റോട്ടർഡാം അധികൃതരുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ.

പാലം പൊളിച്ചുപണിയാനുള്ള മുഴുവൻ ചെലവും വഹിക്കുമെന്ന് ബെസോസ് അധികൃതരെ അറിയിച്ചിരിക്കുകയാണ്. ഓഷ്യാനോ എന്ന നിർമാണശാലയാണ് ബെസോസിനായി കൂറ്റൻ ആഢംബര നൗക പണിതത്. 127 മീറ്റർ നീളവും 40 മീറ്റർ ഉയരവുമുള്ള നൗകക്ക് 3627 കോടി രൂപ ചെലവിട്ടതായാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും ഉയരംകൂടിയ ഉല്ലാസ നൗകയാകും ഇത്.


തുറമുഖനഗരമായ റോട്ടർഡാമിന്‍റെ ഹൃദയഭാഗത്ത് 1878ലാണ് ഈ പാലം പണിതത്. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ബോംബെറിഞ്ഞ് തകർത്ത പാലം പിന്നീട് പുനർനിർമിക്കുകയായിരുന്നു. 1993ൽ പാലം പൊളിക്കാൻ പദ്ധതിയിട്ടെങ്കിലും പ്രദേശവാസികളുടെ എതിർപ്പിൽ പിന്മാറി. 2017ൽ വലിയ നവീകരണങ്ങൾ നടത്തിയ പാലം ഇനി പൊളിക്കില്ലെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. നൗക കടന്നുപോകാനായി ചരിത്രസ്മാരകമായ പാലം പൊളിക്കുന്നതിനെതിരെ പ്രതിഷേധങ്ങളുമുയരുന്നുണ്ട്. 

Tags:    
News Summary - Rotterdam may dismantle historic bridge for superyacht reportedly owned by Jeff Bezos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.