മ്യൂണിച്ച്: അപൂർവമായ ധാതുക്കൾ ഉൾപ്പെടെ പ്രകൃതി വിഭവങ്ങൾ ആവശ്യപ്പെടുന്ന യു.എസ് കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. പ്രകൃതി വിഭവങ്ങൾ നൽകുന്നതിന് പകരം യുക്രെയ്ന് ഒരു സുരക്ഷയും യു.എസ് വാഗ്ദാനം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ തള്ളിയത്.
യുക്രെയ്നും അതിന്റെ താൽപര്യങ്ങളും സംരക്ഷിക്കാത്ത കരാറിൽ ഒപ്പിടേണ്ടെന്ന് മന്ത്രിമാർക്ക് നിർദേശം നൽകിയതായി സെലൻസ്കി പറഞ്ഞു. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസെന്റ് ബുധനാഴ്ചയാണ് കരാർ യുക്രെയ്ന് കൈമാറിയത്.
അതേസമയം, കരാർ തള്ളാനുള്ള സെലൻസ്കിയുടെ തീരുമാനം ദീർഘവീക്ഷണമില്ലാത്തതാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. ജർമൻ നഗരമായ മ്യൂണിച്ചിൽ നടന്ന സുരക്ഷ സമ്മേളനത്തിനിടെയാണ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കരാർ യുക്രെയ്ന്റെ മുന്നിൽവെച്ചത്. റഷ്യൻ യുദ്ധത്തിൽ യുക്രെയ്ന് സാമ്പത്തിക, ആയുധ സഹായം നൽകുന്നതിനു പകരം അപൂർവധാതുക്കൾ അടക്കമുള്ള പ്രകൃതിവിഭവങ്ങൾ യു.എസിന് നൽകണമെന്നതാണ് കരാർ.
ആണവ, പ്രതിരോധ, വ്യോമയാന, മേഖലകളുടെ വികസനത്തിന് സഹായിക്കുന്ന നിരവധി ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് യുക്രെയ്ൻ. ചൈനയെ ആശ്രയിക്കുന്നത് കുറക്കാൻ ട്രംപാണ് ഈ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, സുരക്ഷ സഹായം ഉറപ്പുതരണമെന്നായിരുന്നു സെലൻസ്കിയുടെ ഉപാധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.