ലോകത്തിലെ ഏറ്റവും വലിയ 'കടൽക്കൂരി'വലയിൽ; ഭീമൻ മത്സ്യത്തിന്റെ ചിത്രങ്ങൾ വൈറൽ

ലോകത്തിലെ ഏറ്റവും വലിയ 'കടൽക്കൂരി'(sturgeon)യുടെ ചി​ത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാനഡ, ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസർ നദിയിൽ നിന്നാണ് വെളുത്ത (Albino) വിഭാഗത്തിലുള്ള കടൽക്കൂരിയെ ലഭിച്ചത്. 11 അടി നീളവും 1,000 പൗണ്ടിലധികം (453 Kg) ഭാരവും ഉള്ള മത്സ്യമാണ് പിടിയിലായത്. ഇതൊരു ലോക റെക്കോർഡാണെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.

നേരത്തേ തന്നെ വലിയ വെള്ള സ്റ്റർജനുകൾക്ക് പേരുകേട്ട സ്ഥലമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസർ നദി. ഈ മത്സ്യങ്ങൾ സാധാരണയായി ചാരനിറത്തിലാണ് കാണാറുള്ളത്. എന്നാൽ ഇത്തവണ ലഭിച്ചത് വെളുത്ത നിറമുള്ളതാണ്. ചാഡ് ഹെൽമർ എന്നയാളും സംഘവുമാണ് മത്സ്യത്തെ പിടികൂടിയത്. 'ഒരു ജീവശാസ്ത്രജ്ഞൻ എന്നെ ഫോണിൽ വിളിക്കുകയായിരുന്നു. അവർ അങ്ങനെയൊന്ന് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞു. ഞാനും കണ്ടിട്ടില്ല'-ഹെൽമർ പറയുന്നു.


തീരത്തുവച്ച് ഫോട്ടോകൾ എടുത്ത ശേഷം, ഹെൽമർ ആൽബിനോ സ്റ്റർജനെ തിരികെ നദിയിലേക്കുതന്നെ വിട്ടു. 'ഇത്രയും വലിപ്പമുള്ള ഒരു ആൽബിനോ സ്റ്റർജനെ ലോകത്ത് ആരും ഇതുവരെ പിടികൂടിയിട്ടില്ല'-ഹെൽമർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 40 വർഷമായി ഫ്രേസർ നദിയിൽ മത്സ്യബന്ധനം നടത്തുന്ന ഹെൽമറിന്റെ കുടുംബം ആയിരക്കണക്കിന് കടൽക്കൂരികളെ പിടികൂടിയിട്ടുണ്ട്. എന്നാൽ ഇത്രയും വലുത് ഇതാദ്യമായാണെന്ന് അവരും പറയുന്നു.


ആൽബിനോ സ്റ്റർജനെപറ്റിയുള്ള ലോക റെക്കോർഡുകളൊന്നും സൂക്ഷിച്ചിട്ടില്ല. കൂടാതെ ഈ കൂറ്റൻ വെള്ള സ്റ്റർജനുകളിൽ ഭൂരിഭാഗവും പിടിക്കപ്പെടുകയും പിന്നീട് തിരിച്ചുവിടപ്പെടുകയും ചെയ്യുന്നതിനാൽ, ഔദ്യോഗിക ലോക റെക്കോർഡുകൾ പരിശോധിക്കാൻ കഴിയില്ല. മത്സ്യത്തെ ഒരു സർട്ടിഫൈഡ് സ്കെയിലിൽ തൂക്കിനോക്കണമെങ്കിൽ അതിനെ കൊല്ലണം. ഇക്കാരണത്താൽ, ഒരു വെളുത്ത സ്റ്റർജന്റെ ഐജിഎഫ്എ ലോക റെക്കോർഡ് 468 പൗണ്ട് മാത്രമാണ്. ഇപ്പോൾ പിടിക്കപ്പെട്ട കടൽക്കൂരിക്ക് 1000 പൗണ്ടിലധികം ഭാരമുണ്ടെന്നാണ് നിഗമനം.

Tags:    
News Summary - Rare Albino Sturgeon, Possibly the World’s Biggest, Caught on Fraser River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.