ലണ്ടൻ: ബ്രിട്ടനിൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ റെയിൽ സമരം തുടങ്ങിയതോടെ പെരുവഴിയിലായി യാത്രക്കാർ. വേതനവർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പതിനായിരക്കണക്കിന് ജീവനക്കാരാണ് പണിമുടക്കാരംഭിച്ചത്. 40000 ശുചീകരണ തൊഴിലാളികൾ, അറ്റകുറ്റപ്പണി തൊഴിലാളികൾ, സിഗ്നലേഴ്സ്, സ്റ്റേഷൻ ജീവനക്കാർ എന്നിവരാണ് സമരരംഗത്തുള്ളത്. ഇതോടെ അത്യാവശ്യക്കാർമാത്രം ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കാൻ അധികൃതർ നിർദേശം നൽകി.
കോവിഡ് മഹാമാരിക്ക് ശേഷം റെയിൽവേയുടെ പ്രവർത്തനങ്ങൾ തിരിച്ചുവരുന്നതിനിടെയാണ് സമരം. കോവിഡിനെ തുടർന്ന് സർക്കാർ സഹായത്തോടെയാണ് പല ട്രെയിൻ കമ്പനികളും പ്രവർത്തിക്കുന്നത്. ചെലവ് കുറക്കാനും തൊഴിലാളികളെ പിരിച്ചുവിടാനുമുള്ള ശ്രമത്തിലാണ് പല കമ്പനികളും.
കൂലി വർധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ സുരക്ഷ തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ. സമരം ഒഴിവാക്കാനായി തിങ്കളാഴ്ച നടത്തിയ അവസാനവട്ട ചർച്ചയും പാളുകയായിരുന്നു. അതിനിടെ, സമരം ഒത്തുതീർപ്പാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.