സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ; എലിസബത്ത് രാജ്ഞി മടങ്ങി, ഇനി ചാൾസ്

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന ഖ്യാതിയുണ്ടായിരുന്ന കാലത്തുതന്നെ ബ്രിട്ടന്റെ റാണിയായിരുന്നു എലിസബത്ത് രാജ്ഞി. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങുന്നത്. 1952ലാണ് എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയത്. 96 വയസായിരുന്നു. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം. മരണം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചു ദിവസമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു എലിസബത്ത്. ഇന്നലെ വൈകീട്ടോടെയാണ് രാജ്ഞിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വാർത്തകൾ പുറത്തുവന്നത്. ബ്രിട്ടീഷ് പ്രധാനന്ത്രി ലിസ് ട്രസ് പാർലമെന്റിലാണ് വിവരം പുറത്തുവിട്ടത്.

2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീർഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോർഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവർ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വർഷം ലോകത്തെ ഏറ്റവും ദീർഘകാലം ഒരു ഭരണത്തെ നയിച്ച രണ്ടാമത്തെ വ്യക്തിയുമായി അവർ. കഴിഞ്ഞ ജൂണിലാണ് അവരുടെ അധികാരാരോഹണത്തിന്റഘെ 70-ാം വാർഷികം ബ്രിട്ടൻ രാജോചിതമായി ആഘോഷിച്ചത്.

1926 ഏപ്രിൽ 21ന് ജോർജ് അഞ്ചാമന്റെ ഭരണകാലത്ത് ജോർജ് ആറാമന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളായാണ് ജനനം. എലിസബത്ത് അലെക്‌സാണ്ട്ര മേരി വിൻഡ്‌സർ എന്നാണ് മുഴുവൻ പേര്. 1947 നവംബർ 20ന് എലിസബത്തും ഗ്രീക്ക്-ഡാനിഷ് രാജകുടുംബാംഗമായ ഫിലിപ്പ് രാജകുമാരനും വിവാഹിതരായി. 1952 ഫെബ്രുവരി ആറിന് 26-ാം വയസിലാണ് എലിസബത്ത് ബ്രിട്ടന്റെ അധികാരത്തിലേറുന്നത്. 1953 ജൂൺ രണ്ടിന് കിരീടധാരണം നടന്നു. ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ട കിരീടധാരണം കൂടിയായിരുന്നു അത്. 2,70,00,000 പേര്‍ ബ്രിട്ടനിൽ കിരീടധാരണം തത്സമയം കണ്ടു. 2021 ഏപ്രിൽ ഒമ്പതിന് ഭര്‍ത്താവ് ഫിലിപ്പ് അന്തരിച്ചു. ചാൾസ്, ആനി, ആൻഡ്രൂ, എഡ്വാർഡ് എന്നിവരാണ് മക്കൾ. ഇതിൽ ചാൾസ് അടുത്ത രാജാവായി അധികാരമേൽക്കും. 

Tags:    
News Summary - Queen Elizabeth II, Britain's Longest-Reigning Monarch, Dies At 96

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.