ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ബിന്യമിൻ നെതന്യാഹു

‘യുദ്ധക്കുറ്റത്തിന് ഐ.സി.സിയിൽ വിചാരണ നേരിടേണ്ടയാൾ നിയമത്തെക്കുറിച്ച് പറയുന്നു’; നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി

ദോഹ: ഭീകരർക്ക് സംരക്ഷണം നൽകുന്ന ഖത്തർ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി രംഗത്ത്. യുദ്ധക്കുറ്റത്തിന് ഐ.സി.സിയിൽ വിചാരണ നേരിടേണ്ടയാളാണ് നിയമത്തെക്കുറിച്ച് പറയുന്നതെന്നും നെതന്യാഹുവിനെപ്പോലെ ഒരാളിൽനിന്ന് വരുന്ന ഭീഷണി തങ്ങൾ വകവെക്കുന്നില്ലെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ബന്ദികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുകയാണ് നെതന്യാഹു ചെയ്തതെന്നും സി.എൻ.എന്നിനു നൽകി പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“ആക്രമണം നടന്ന ദിവസം രാവിലെ ബന്ദികളിൽ ഒരാളുടെ കുടുംബത്തെ ഞാൻ കണ്ടിരുന്നു. മധ്യസ്ഥ ചർച്ചകളിൽ മാത്രമാണ് തങ്ങൾക്ക് പ്രതീക്ഷയെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ അവരുടെയെല്ലാം പ്രതീക്ഷ തല്ലിക്കെടുത്തുകയാണ് നെതന്യാഹു ചെയ്തത്. നെതന്യാഹുവിനെപ്പോലെ ഒരാളിൽനിന്ന് വരുന്ന ഭീഷണി ഞങ്ങൾ വകവെക്കുന്നില്ല. നിയമത്തെപ്പറ്റി സംസാരിക്കാൻ നെതന്യാഹുവിന് എങ്ങനെ സാധിക്കും? യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) വിചാരണ നേരിടേണ്ടയാളാണ് നെതന്യാഹു. എന്നിട്ട് മറ്റു രാജ്യങ്ങളോട് നിയമത്തെപ്പറ്റി സംസാരിക്കുന്നു.

എല്ലാ അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് അയാൾ ഓരോ നടപടിയും സ്വീകരിക്കുന്നത്. ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതും പട്ടിണിക്കിടുന്നതുമുൾപ്പെടെ മേഖലയിലാകെ കൊടും ക്രൂരതകളാണ് അയാൾ ചെയ്യുന്നത്. ഇനിയെന്താണ് ചെയ്യാനുള്ളത്? തികച്ചും മനുഷ്യത്വ രഹിതമായ നടപടികളാണ് സ്വീകരിക്കുന്നത്. ആളുകൾക്ക് ഒരു സംസ്കാരമുണ്ടെന്നല്ലേ നമ്മൾ പ്രതീക്ഷിക്കുന്നത്. മനുഷ്യത്വപരമായല്ലേ നമ്മൾ ഇടപെടുന്നത്. എന്നാൽ നെതന്യാഹുവിന്‍റേത് തികച്ചും പ്രാകൃതമായ നടപടിയാണ്” -ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

ഖ​ത്ത​റി​ന്റെ മധ്യസ്ഥതയിൽ ന​ട​ക്കു​ന്ന ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക്കാ​യി ദോ​ഹ​യി​ലു​ള്ള ഹ​മാ​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇസ്രായേൽ ആ​ക്ര​മ​ണം നടത്തിയത്. ചൊ​വ്വാ​ഴ്ച ഉച്ചതിരിഞ്ഞ് 3.50 ഓ​ടെ​യാ​ണ് വ​ൻ ശ​ബ്ദ​ത്തി​ൽ ല​ഗ്തൈ​ഫി​യ ഭാ​ഗ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഹ​മാ​സി​​ന്റെ സ​മു​ന്ന​ത നേ​താ​ക്ക​ളാ​യ ഖ​ലീ​ൽ അ​ൽ​ഹ​യ്യ, ഖാ​ലി​ദ് മി​ശ്അ​ൽ, സ​ഹ​ർ ജ​ബ​രി​ൻ, നി​സാ​ർ അ​വ​ദ​ല്ല എ​ന്നി​വ​രും ആ​ക്ര​മി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഗ​സ്സ​യി​ലെ ഹ​മാ​സ് ത​ല​വ​നാ​യ ഖ​ലീ​ൽ അ​ൽ​ഹ​യ്യ​യു​ടെ മ​ക​ൻ ഹ​മീം അ​ൽ​ഹ​യ്യ, ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ജി​ഹാ​ദ് ല​ബാ​ദ് എ​ന്നി​വ​ർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഹ​മാ​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ‘സ​മ്മി​റ്റ് ഓ​ഫ് ഫ​യ​ർ’ എ​ന്ന് പേ​രി​ട്ട ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ദോ​ഹ​യി​ലെ ആ​ക്ര​മ​ണ​ത്തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. പിന്നാലെ ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേലിന്‍റെ ആക്രമണം ഖത്തറിന്‍റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ഏതുതരത്തിലുള്ള ഭീകരതക്കും എതിരാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Qatari Prime Minister Accuses Netanyahu of Barbaric Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.