റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് അഭിനന്ദനവുമായി ഖത്തർ

74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് അഭിനന്ദനവുമായി ഖത്തർ. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റർ പേജിൽ ആശംസയർപ്പിച്ചത്. ഇന്ത്യയുടെയും ഖത്തറിന്റെയും കൊടികളുടെ ചിത്രം ‘റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയെ ഞങ്ങൾ അഭിനന്ദിക്കുന്നു’ എന്ന കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ബ്രൂണെ സുൽത്താൻ ഹാജി ഹസനാൽ ബോൾകിയയും മാലിദ്വീപ് പ്രധാനമന്ത്രി ഇബ്രാഹിം മുഹമ്മദ് സ്വാലിഹും തിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമെല്ലാം ഇന്ത്യക്ക് ആശംസകൾ നേർന്നിരുന്നു.

‘‘റിപ്പബ്ലിക് ദിനത്തിൽ അഭിനന്ദനങ്ങൾ. സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നു. രാജ്യാന്തര സ്ഥിരത ഉറപ്പാക്കുന്നതിനും പ്രാദേശികവും ആഗോളവുമായ അജണ്ടയിലെ സുപ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നിങ്ങളുടെ രാജ്യം ഗണ്യമായ സംഭാവനകൾ നൽകുന്നുണ്ട്,” എന്നിങ്ങനെയായിരുന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ സന്ദേശം.

"ആധുനിക ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും ശ്രദ്ധേയമായ നേട്ടങ്ങളെയും ആദരിക്കുന്നതിനുള്ള ഒരു നിമിഷം" എന്നായിരുന്നു ആന്റണി അൽബനീസിന്റെ സന്ദേശം. "നിങ്ങളുടെ റിപ്പബ്ലിക് ദിനത്തിൽ നിങ്ങൾക്കും ഇന്ത്യൻ റിപ്പബ്ലിക്കിനും ജനങ്ങൾക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അയക്കുന്നതിൽ അതിയായ സന്തോഷമുണ്ട്" എന്നായിരുന്നു ബ്രൂണെ സുൽത്താൻ ഹാജി ഹസനാൽ ബോൾകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച സന്ദേശത്തിൽ കുറിച്ചത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ആയിരുന്നു റിപ്പബ്ലിക് ദിനത്തി​ലെ മുഖ്യാതിഥി.

"രാജ്യത്തെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ നമ്മൾ ആഗ്രഹിക്കുന്നു. റിപ്പബ്ലിക് ദിനാശംസകൾ എല്ലാ ഇന്ത്യക്കാർക്കും" എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിപ്പബ്ലിക് ദിന ആശംസ.

Tags:    
News Summary - Qatar congratulates India on Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.