മോസ്കോ: മൂന്നു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഉപാധികളില്ലാതെ വ്യാഴാഴ്ച തുർക്കിയയിലെ ഇസ്തംബുളിൽ ചർച്ച നടത്താമെന്നാണ് നിർദേശം. ഞായറാഴ്ച പുലർച്ച ക്രെംലിനിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം നിർദേശം മുന്നോട്ടുവെച്ചത്. റഷ്യൻ നിർദേശത്തെ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി സ്വാഗതം ചെയ്തു. എന്നാൽ, സമാധാന ചർച്ചക്ക് മുമ്പ് റഷ്യ തിങ്കളാഴ്ച മുതൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
30 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, പോളണ്ട് തുടങ്ങിയ രാഷ്ട്രത്തലവന്മാർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുടിന്റെ നീക്കം. റഷ്യയുടെ തീരുമാനം ശുഭ സൂചനയാണെന്ന് ജർമൻ ചാൻസലർ ഫ്രീഡ്റിച്ച് മെർസ് പ്രതികരിച്ചു. ചർച്ചക്ക് മുമ്പ് ആക്രമണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. റഷ്യ ഉടൻ നിരുപാധിക വെടിനിർത്തൽ നടപ്പാക്കുമെന്ന തീരുമാനത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് പറഞ്ഞു. ചർച്ച നടത്താനുള്ള തീരുമാനം സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.