[File: Andrew Medichini/AP Photo]

കത്തോലിക്കാ പള്ളി കേന്ദ്രീകരിച്ച് കുട്ടികൾക്കെതിരെ ലൈംഗിക പീഡനം; അന്വേഷണ കമ്മീഷന് മുന്നിലെത്തിയത് 200-ലധികം പരാതികൾ

ലിസ്ബൺ: പോർച്ചുഗീസ് കത്തോലിക്കാ പള്ളി കേന്ദ്രീകരിച്ച് കുട്ടികൾക്കെതിരെ നടന്ന ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കുന്ന കമ്മീഷന് മുമ്പിൽ പീഡനത്തിനിരയായ നിരവധി പേർ മൊഴി നൽകിയതായി റിപ്പോർട്ട്. ഒരുമാസം മുമ്പ് അന്വേഷണം ആരംഭിച്ചത് മുതൽ ഇതുവരെ തങ്ങൾ നേരിട്ട അനുഭവങ്ങൾ പങ്കിടാനായി 200ലധികം ഇരകളെത്തിയതായി കമ്മീഷൻ അറിയിച്ചു.

1933 നും 2006 നും ഇടയിൽ ജനിച്ച ആളുകളാണ് പീഡന ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. അതിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും വിദേശത്ത് താമസിക്കുന്ന പോർച്ചുഗീസ് പൗരന്മാരുമടക്കമുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് പലരും ആറംഗ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത്. സാക്ഷിമൊഴികൾ പങ്കുവെച്ച 214 പേരിൽ പലരും അതേ വ്യക്തി ചൂഷണം ചെയ്തേക്കാവുന്ന മറ്റ് കുട്ടികളെ കുറിച്ചും പരാമർശിച്ചതായി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

"ഒരുപാട് പേരുടെ സഹനമാണ് ഈ ആരോപണങ്ങളെല്ലാം സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ഒളിച്ചു വെക്കപ്പെട്ടതാണ് ഇവയിൽ പലതും. ഇതില്‍ പലരും ആദ്യമായിട്ടാകാം അവരുടെ മൗനം വെടിഞ്ഞ് രംഗത്തെത്തുന്നത്," -അന്വേഷണ കമ്മീഷന്‍ പ്രതികരിച്ചു.

കഴിഞ്ഞ 70 വർഷത്തിനിടെ ഏകദേശം 3,000 പുരോഹിതന്മാരും മറ്റ് മത നേതാക്കളും 2,00,000-ത്തിലധികം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ഫ്രാൻസിലെ ഒരു കമ്മീഷൻ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഞെട്ടിക്കുന്ന ആ റിപ്പോർട്ടിന് ശേഷം ജനുവരി തുടക്കത്തിലാണ് അന്വേഷണ കമ്മീഷൻ കാര്യമായി വിഷയത്തിൽ പ്രവർത്തനം ആരംഭിച്ചത്. പ്രശ്‌നത്തെ ചുറ്റിപ്പറ്റിയുള്ള അധികൃതരുടെ നിശബ്ദത വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ പ്രമുഖ പോർച്ചുഗീസ് കത്തോലിക്കരടക്കം സമ്മർദ്ദം ചെലുത്തുകയായിരുന്നു.

2001 മുതൽ പോർച്ചുഗീസ് പുരോഹിതർ ഉൾപ്പെട്ട പീഡനക്കേസുകളിൽ ഒരു ഡസനോളം ആരോപണങ്ങൾ മാത്രമാണ് അധികൃതർ അന്വേഷിച്ചതെന്ന് പോർച്ചുഗീസ് ചർച്ച് അധികൃതർ തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. വേണ്ടത്ര തെളിവുകളില്ല, എന്ന കാരണം പറഞ്ഞ് പകുതിയിലധികം കേസുകളും പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആറ് പേരടങ്ങുന്ന കമ്മീഷന് പ്രാഥമികമായി ധനസഹായം നൽകുന്നത് റോമൻ കത്തോലിക്കാ സഭയാണ്. എന്നാൽ സഭ ഈ പ്രക്രിയയിൽ ഇടപെടാൻ ശ്രമിച്ചാൽ കമ്മീഷനിൽ നിന്ന് ആദ്യം പുറത്തുപോകുന്നയാൾ താനാകുമെന്ന് തലവനും ചൈൽഡ് സൈക്യാട്രിസ്റ്റുമായ പെഡ്രോ സ്ട്രെച്ച് പറഞ്ഞു.

ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടവര്‍ മുന്നോട്ട് വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അന്വേഷണ കമ്മീഷന് സ്വന്തമായി വെബ്‌സൈറ്റും ഫോണ്‍ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ചാരിറ്റി സംഘടനകള്‍, സിവിക് അസോസിയേഷന്‍സ്, പാരിഷ് കൗണ്‍സിലുകള്‍ എന്നിവയുടെ സഹായത്തോട് കൂടിയാണ് അന്വേഷണം നടത്തുന്നത്. ഈ വർഷാവസാനം അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്മീഷൻ.

Tags:    
News Summary - Portugal Catholic Church sex abuse panel unearths more than 200 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.