ഒക്ടോബർ ഏഴ് ആക്രമണത്തെ ശരിവെച്ച് നാലിൽ മൂന്നു ഫലസ്തീനികളും; ഹമാസിനുള്ള പിന്തുണ വർധിച്ചതായും സർവേ

ഗസ്സ സിറ്റി: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തെ നാലിൽ മൂന്നു ഫലസ്തീനികളും ശരിവെക്കുന്നതായി സർവേ റിപ്പോർട്ട്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഹമാസിനുള്ള പിന്തുണ ഗണ്യമായി വർധിച്ചതായും ഫലസ്തീനിയൻ സെന്‍റർ ഫോർ പോളിസി സർവേ ആൻഡ് റിസർച്ച് (പി.സി.പി.എസ്.ആർ) നടത്തിയ സർവേയിൽ പറയുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ മിന്നൽ ആക്രമണം ശരിയായ തീരുമാനമെന്നാണ് സർവേയിൽ പങ്കെടുത്ത 72 ശതമാനം പേരും പ്രതികരിച്ചത്. എന്നാൽ, 22 ശതമാനം ആളുകൾ തെറ്റായ തീരുമാനമെന്നാണ് മറുപടി നൽകിയത്. ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഹമാസിനുള്ള പിന്തുണ വർധിച്ചതായും ഫലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ള വെസ്റ്റ് ബാങ്കിൽ ഹമാസിനുള്ള പിന്തുണ മൂന്നിരട്ടിയായി വർധിച്ചതായും സർവേയിൽ പറയുന്നു.

ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹമാസ് വഹിക്കുന്ന പങ്കിൽ 72 ശതമാനം ഫലസ്തീനികളും സംതൃപ്തി പ്രകടിപ്പിച്ചു. 52 ശതമാനം ഗസ്സക്കാരും 85 ശതമാനം വെസ്റ്റ് ബാങ്ക് ഫലസ്തീനികളുമാണ് പ്രതികരിച്ചത്. ഫലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ പ്രവർത്തനങ്ങളിൽ 11 ശതമാനം ഫലസ്തീനികൾ മാത്രമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. അബ്ബാസിന്‍റെ ജനപ്രീതി നാൾക്കുനാൾ ഇടിയുകയാണ്.

ഇസ്രായേലിന്‍റെ നരനായാട്ടിൽ കുടുംബത്തിലെ ഒരാൾ മരിക്കുകയോ, ചുരുങ്ങിയത് ഒരാൾക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സർവേയിൽ 64 ശതമാനം പേരും (ഗസ്സയിലെ മൂന്നിൽ രണ്ട്) പ്രതികരിച്ചത്. ഒന്നോ, രണ്ടോ ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണവും കുടിവെള്ളവും മാത്രമാണ് കൈയിലുള്ളതെന്ന് 44 ശതമാനം ഗസ്സക്കാരും പറയുന്നു. എന്നാൽ, ബാക്കിയുള്ള 56 ശതമാനത്തിനു അതുപോലുമില്ല. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഇതുവരെ 18,608 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Poll shows Palestinians back Oct. 7 attack on Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.