സ്പെയിനിലെ ട്രെയിൻ ദുരന്തത്തിന് പിന്നിൽ ഇസ്രായേലോ? നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെ ദുരൂഹത

മാഡ്രിഡ്: സ്പെയിനിൽ ഈ വർഷം നടന്ന മൂന്ന് പ്രധാന ട്രെയിൻ അപകടങ്ങളിൽ 115-ലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, അപകടങ്ങൾക്ക് പിന്നിൽ ഇസ്രായേൽ ഏജൻസികളുടെ അട്ടിമറിയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. ഒക്ടോബർ 28-ന് ടൊളേഡോ പ്രവിശ്യയിലെ ഉർദക്ക് സമീപം 68 പേരുടെ മരണത്തിനിടയാക്കിയ ഹൈസ്പീഡ് ട്രെയിൻ കൂട്ടിയിടിക്ക് പിന്നാലെയാണ് ഇത്തരം ആരോപണങ്ങൾ ശക്തമാകുന്നത്.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതും ഗസ്സ വംശഹത്യയെ രൂക്ഷമായി വിമർശിച്ചതും കാരണം സ്പെയിനും ഇസ്രായേലും തമ്മിൽ നയതന്ത്ര തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ അഭ്യൂഹങ്ങൾക്ക് മൂർച്ച കൂടിയത്. ഫലസ്തീൻ അനുകൂല നിലപാടിന് സ്പെയിൻ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനുപുറമെ, സ്പെയിനിലെ മുൻ റെയിൽവേ സുരക്ഷാ മേധാവിയും ഗതാഗത സെക്രട്ടറിയുമായിരുന്ന ഇസബെൽ പാർഡോ ഡി വെറ ഇസ്രായേലി റെയിൽവേ സൈബർ സുരക്ഷാ കമ്പനിയുടെ ഉപദേശക സമിതിയിൽ അംഗമായതും സംശയങ്ങൾക്ക് കാരണമായി. 

ഇതോടൊപ്പം വിദേശരാജ്യങ്ങളിൽ രഹസ്യ അട്ടിമറി നീക്കങ്ങളും സൈബർ ആക്രമണങ്ങളും നടത്തിയെന്ന ആരോപണങ്ങൾ ഇസ്രായേലിനെതിരെ മുൻപും ഉയർന്നിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതിയെ ലക്ഷ്യമിട്ട് ഉപയോഗിച്ച സ്റ്റക്സ്നെറ്റ് വൈറസ് ഇതിൽ പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിലെ യുറേനിയം സമ്പുഷ്ടീകരണ സെൻട്രിഫ്യൂജുകൾ തകർക്കാൻ ഈ വൈറസ് ഉപയോഗിച്ചതായാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്.

എന്നാൽ അപകടങ്ങൾക്ക് പിന്നിൽ അട്ടിമറിയുണ്ടെന്നോ അതിൽ ഇസ്രായേലിന് പങ്കുണ്ടെന്നോ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. സ്പെയിൻ അധികൃതരുടെ പ്രാദേശിക അന്വേഷണ റിപ്പോർട്ടുകൾ സാങ്കേതിക തകരാറുകളിലേക്കും മാനുഷിക പിഴവുകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

ഒക്ടോബർ 28ന് സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിലെ ഉർദക്ക് സമീപമാണ് ഏറ്റവും ഒടുവിലത്തെ അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ട്രെയിനിന് പിന്നിൽ അതിവേഗ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 68 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

സ്പെയിനിന്റെ പലസ്തീൻ അനുകൂല നയവും ഇസ്രായേലിനെതിരായ വിമർശനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനു പുറമെ, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിന് സ്പെയിൻ ഉപരോധം ഏർപ്പെടുത്തുകയും ഇറാനെതിരായ ആക്രമണങ്ങൾക്ക് പോകുന്ന അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമപാത നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്പെയിൻ 'കാപട്യവും ശത്രുതയും' കാണിക്കുന്നുവെന്നും നയതന്ത്ര യുദ്ധം അനുവദിക്കില്ലെന്നും നെതന്യാഹു പ്രസ്താവിച്ചത്. 

ഇസ്രായേലിന്റെ ഭീഷണിക്കു പിന്നാലെ ട്രെയിനുകൾ അപകടത്തിൽപ്പെടുന്നതും റെയിൽവേ സുരക്ഷാ കരാറുകളിൽ ഇസ്രായേലി കമ്പനികൾ ഉൾപ്പെട്ടിരിക്കുന്നതും യാദൃച്ഛികമല്ലെന്നാണ് സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Is Israel behind the ‘inexplicable’ safety errors causing train wrecks in Spain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.