നിഖിൽ ഗുപ്ത

പന്നൂൻ വധശ്രമക്കേസ്; നിഖിൽ ഗുപ്തക്ക് 24 വർഷം തടവ് ആവശ്യപ്പെട്ട് യു.എസ് സർക്കാർ

ന്യൂയോർക്ക്: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കയിൽവെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തക്ക് 24 വർഷം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് യു.എസ് സർക്കാർ.


കേസിൽ കുറ്റസമ്മതം നടത്തിയ 55കാരനായ ഗുപ്തക്ക് 293 മാസം (ഏകദേശം 24 വർഷവും അഞ്ച് മാസവും) തടവ് നൽകണമെന്നാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

നവംബർ 20നാണ് കേസിൽ ശിക്ഷ വിധിക്കുക. എന്നാൽ 12 വർഷം തടവും തുടർന്ന് മൂന്ന് വർഷത്തെ നിരീക്ഷണ കാലാവധിയും മതിയെന്നാണ് ഗുപ്തയുടെ അഭിഭാഷകരുടെ വാദം. കുറ്റത്തിന്റെ ഗൗരവം അംഗീകരിക്കുന്നുണ്ടെങ്കിലും ശിക്ഷ കുറക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അമേരിക്കൻ പൗരനായ പന്നൂനെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വധിക്കാൻ വിദേശത്തുനിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയിൽ ഗുപ്ത നിർണായക പങ്കുവഹിച്ചുവെന്ന് യു.എസ് അറ്റോർണി ജെയിംസ് മക്ഡൊണാൾഡ് കോടതിയിൽ ചൂണ്ടിക്കാട്ടി.


അമേരിക്കൻ മണ്ണിൽ ഒരു പൗരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന അതീവ ഗൗരവമുള്ള കുറ്റമാണെന്നും ഇത്തരം അക്രമങ്ങൾ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം നൽകുന്ന ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

235 മുതൽ 293 മാസം വരെയാണ് ശിക്ഷാ മാർഗനിർദേശങ്ങൾ പ്രകാരമുള്ള തടവുകാലം. ഇതിന്റെ പരമാവധി ശിക്ഷ നൽകണമെന്നാണ് സർക്കാറിന്റെ ആവശ്യം. ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാർ ജീവനക്കാരനടക്കം പങ്കാളികളുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

Tags:    
News Summary - Pannun Case: Maximum 24-Year Term Sought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.