ഗസ്സ: ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ ഭീഷണിക്കെതിരെ പരാതിയുമായി ഫലസ്തീൻ. ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി മുമ്പാകെയാണ് പരാതി നൽകിയത്. ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ-മാലിക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഫലസ്തീൻ വാർത്ത ഏജൻസിയായ വഫയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മാരിയാനോ ഗ്രോസിനാണ് പരാതി നൽകിയത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി കൈമാറിയത്. ഗസ്സയിൽ ആണവായുധവും ഒരു സാധ്യതയാണെന്ന ഇസ്രായേൽ പൈതൃക മന്ത്രി അമിഹൈ എലിയാഹുവിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ പ്രതിപക്ഷ നേതാവ് യയ്ർ ലാപിഡും രംഗത്തെത്തി. ഒരു ഉത്തരവാദിത്തവുമില്ലാത്ത മന്ത്രിയുടെ ഭ്രാന്തൻ പരാമർശം എന്നാണ് ലാപിഡ് പ്രസ്താവനയെ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എലിയാഹുവിന്റെ പ്രസ്താവന യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് പ്രതികരിച്ചു. കോൽ ബെറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ജൂയിഷ് നാഷനൽ ഫ്രണ്ട് പാർട്ടി നേതാവായ എലിയാഹുവിന്റെ പരാമർശം. ഗസ്സയിലേക്ക് മാനുഷിക സഹായം നൽകുന്നതിനെയും മന്ത്രി എതിർത്തു. ഫലസ്തീൻ ജനതയുടെ വിധിയെ കുറിച്ച് ചോദിച്ചപ്പോൾ അവർ അയർലൻഡിലേക്കോ ഏതെങ്കിലും മരുഭൂമിയിലേക്കോ പോകട്ടെ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.