കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ തട്ടിയെടുത്ത ട്രെയിനിലെ ബന്ദികളെ മോചിപ്പിക്കാനുള്ള സാഹസത്തിന് മുതിർന്നാൽ എല്ലാവരെയും വധിക്കുമെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ (ബി.എൽ.എ) ഭീഷണി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എല്ലാ ബന്ദികളെയും കൊല്ലുമെന്നും മുന്നറിയിപ്പ് നൽകി.
തട്ടിയെടുത്ത ട്രെയിനിലെ 182 യാത്രക്കാരെ ബന്ദികളാക്കി. 20 പാക് സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബലൂചിസ്താനിലെ കച്ചി ജില്ലയിൽ അബെഗം പ്രദേശത്തുവെച്ചാണ് ബി.എൽ.എ ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിനുനേരെ ആയുധധാരികളായ ആറുപേർ വെടിയുതിർക്കുകയായിരുന്നു. ഒമ്പത് കോച്ചുകളാണ് ട്രെയിനിന്. പാകിസ്താനിലും യു.കെയിലും അമേരിക്കയിലും നിരോധിക്കപ്പെട്ട ഭീകര സംഘടനയാണ് ബി.എൽ.എ.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തു. റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ തകർത്തതായും ട്രെയിനിെന്റ നിയന്ത്രണം ഏറ്റെടുത്ത് മുഴുവൻ യാത്രക്കാരെയും ബന്ദികളാക്കിയതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഏറ്റുമുട്ടലിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ട്രെയിൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സൈന്യവും സുരക്ഷ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ബലൂചിസ്താന്‍റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ബി.എൽ.എ. പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്തിച്ചേരാൻ പ്രയാസം നേരിടുന്നതായി അധികൃതർ പറഞ്ഞു. ക്വറ്റക്കും പെഷാവറിനുമിടയിൽ ഒന്നരമാസം നിർത്തിവെച്ച ട്രെയിൻ സർവിസ് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. കഴിഞ്ഞ നവംബറിൽ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.