കറാച്ചി : ബലൂച് ഭീകരർ തട്ടിക്കൊണ്ടുപോയ ട്രെയിനിൽനിന്ന് പാകിസ്താൻ സുരക്ഷാ സേന 190 യാത്രക്കാരെ രക്ഷപ്പെടുത്തി. 30 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 37 യാത്രക്കാർക്ക് പരിക്കേറ്റു. രണ്ട് എൻജിൻ ഡ്രൈവർമാരും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ചൊവ്വാഴ്ച ഉച്ചക്ക് ബൊലാൻ പ്രദേശത്തെ മഷ്കാഫ് തുരങ്കത്തിന് സമീപം വെച്ചാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഭീകരർ ആക്രമിച്ചതും ഒമ്പത് കോച്ചുകളിലായുള്ള 450ഓളം യാത്രക്കാരെ ബന്ദികളാക്കിയതും.
ഭീകരരുമായുള്ള തുടർച്ചയായ വെടിവെപ്പിനെ തുടർന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 190 യാത്രക്കാരെ രക്ഷപ്പെടുത്തിയത്. രണ്ടാം ദിനവും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. യാത്രക്കാരെ ബന്ദികളാക്കിയ ശേഷം ചാവേർ സംഘങ്ങളെ നിയോഗിച്ചതിനാൽ കരുതലോടെയാണ് രക്ഷാപ്രവർത്തനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീഴടങ്ങേണ്ടിവരുമെന്ന ഭീതിയിൽ ഭീകരർ നിരപരാധികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നെന്നും മൂന്നിടത്ത് ചാവേർ ബോംബർമാർ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയെന്നും സുരക്ഷാസേന അറിയിച്ചു. സേന തുരങ്കം വളഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന യാത്രക്കാരെ ഉടൻ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ബന്ദികളിൽ ചിലരെ സ്വയം വിട്ടയക്കുകയായിരുന്നെന്ന് ബി.എൽ.എ അവകാശപ്പെട്ടു. ട്രെയിൻ തട്ടിക്കൊണ്ടുപോയ തുരങ്കത്തിനു സമീപം വെടിവെപ്പും സ്ഫോടനവും നടന്നതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രെയിൻ യാത്രികരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ നൽകാൻ റെയിൽവേ അധികൃതർ പെഷാവർ, ക്വറ്റ സ്റ്റേഷനുകളിൽ അടിയന്തര ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ബലൂചിസ്താൻ മുഖ്യമന്ത്രി സർഫ്രാസ് ബാഗ്തി യോഗം വിളിച്ചു. ശത്രുക്കളെ വിജയിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാകിസ്താനെ കേക്ക് പോലെ മുറിക്കണമെന്ന ദേശവിരുദ്ധരുടെ സ്വപ്നം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബലൂചിസ്താൻ വിമതർ ട്രെയിൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് ഇതാദ്യമാണ്. ബലൂചിസ്താന്‍ സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുന്ന സംഘടനയാണ് ബി.എൽ.എ. പ്രാദേശിക സര്‍ക്കാറിനെതിരെ പോരാടുന്ന നിരവധി വംശീയ -വിമതസംഘങ്ങളില് ഏറ്റവും വലുതും ബി.എൽ.എയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.