ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പാകിസ്താനിലെ ആരോഗ്യ സംവിധാനങ്ങളെയും ബാധിച്ചുതുടങ്ങി. രാജ്യത്തെ ആശുപത്രികളിലും ഫാർമസികളിലും അത്യാവശ്യ മരുന്നുപോലും ഇല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദേശനാണ്യ ശേഖരം ഇല്ലാതായതോടെയാണ് മരുന്നും ചികിത്സ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ കഴിയാതായത്. മരുന്നും ഉപകരണങ്ങളും ഇല്ലാത്തത് കാരണം ശസ്ത്രക്രിയകൾ അടക്കം മുടങ്ങുന്നു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഹൃദയം, വൃക്ക, അർബുദ ചികിത്സ കൂടി നിർത്തിവെക്കേണ്ടി വരുമെന്ന് പാക് മാധ്യമങ്ങൾ പറയുന്നു.
ആശുപത്രി ജീവനക്കാരുടെ തൊഴിലും പ്രതിസന്ധിയിലാണ്. പാകിസ്താനിൽ 95 ശതമാനം മരുന്നുകളും മരുന്ന് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് കൂടുതലും ഇറക്കുമതി. സ്ഥിതി ദുരന്തത്തിലേക്ക് നീങ്ങാതിരിക്കാൻ സർക്കാർ ഇടപെടണമെന്ന് പാകിസ്താൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ക്ഷാമത്തിന്റെ തീവ്രത മനസ്സിലാക്കാൻ സർക്കാർ പ്രതിനിധി സംഘങ്ങൾ ഫീൽഡ് സർവേ നടത്തുന്നതായി റീട്ടെയിൽ വ്യാപാരികൾ പറഞ്ഞു.
എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും കാരണം ജനം ദുരിതത്തിലാണ്. അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 650 കോടി ഡോളറിന്റെ വായ്പ ലഭ്യമാക്കാൻ ചർച്ച നടക്കുകയാണ്. കടുത്ത നിബന്ധനകളാണ് ഐ.എം.എഫ് മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.