ഇസ്‍ലാമാബാദ്: പ്രതിപക്ഷപാർട്ടികൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ വോട്ടുചെയ്യുമെന്ന് ഭരണകക്ഷിയിലെ എം.പിമാരുടെ ഭീഷണി. സർക്കാറിനെ അട്ടിമറിക്കാൻ തയാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയിലെ 24 അംഗങ്ങളാണ് പിന്തുണ പിൻവലിച്ച് ഇംറാനെതിരെ രംഗത്തുവന്നത്.
അവിശ്വാസപ്രമേയം അതിജീവിച്ച് ഭരണം നിലനിർത്താമെന്ന് പ്രതീക്ഷിച്ച ഇംറാന് ഇത് വലിയ തിരിച്ചടിയായി. നിലവിൽ ഇസ്‍ലാമാബാദിലെ സിന്ധ് ഹൗസിലാണ് എം.പിമാരുള്ളത്. ഭരണകക്ഷി മന്ത്രിമാർ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിയുള്ളതിനാലാണ് ഇവിടെ അഭയം തേടിയതെന്നും എം.പിമാർ പറഞ്ഞു. കൂടുതല്‍ പി.ടി.ഐ എം.പിമാരും മന്ത്രിമാരും ഇങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരെ ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് നടക്കാത്തതെന്നും എം.പിമാര്‍ പ്രതികരിച്ചു. അതേസമയം, പിന്തുണ പിന്‍വലിച്ച എം.പിമാരുടെ എല്ലാ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഇംറാന്‍ ഖാന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
മാർച്ച് എട്ടിനാണ് പാകിസ്താൻ മുസ്‍ലിംലീഗ്-എന്നിലെയും പാകിസ്താൻ പീപ്ൾസ് പാർട്ടിയിലെയും 100 ഓളം വരുന്ന അംഗങ്ങൾ ഇംറാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നാരോപിച്ചായിരുന്നു നടപടി. അവിശ്വാസപ്രമേയത്തിന്മേൽ ഈ മാസം 28ന് വോട്ടെടുപ്പ് നടക്കും.
342 അംഗ പാർലമെന്റിൽ ഇംറാനെ പുറത്താക്കാൻ പ്രതിപക്ഷത്തിന് 172 വോട്ടുകളാണ് വേണ്ടത്. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്. ഭരണം നിലനിർത്താൻ 172 അംഗങ്ങളുടെ പിന്തുണയാണ് ഇംറാന് വേണ്ടത്. ആറ് പാർട്ടികളിൽനിന്നായി 23 അംഗങ്ങളുടെ കൂടി പിന്തുണ സർക്കാറിനുണ്ട്. 2018ലാണ് ഇംറാൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2023ൽ പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.