ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുമായി ഭാവിയിലൊരു യുദ്ധമുണ്ടായാൽ അതിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ പാകിസ്താന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ചാനലായ സാമ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യൻ രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ഇനിയൊരു യുദ്ധത്തിന് സാധ്യതയുണ്ടോയെന്നായിരുന്നു ആസിഫിനോടുള്ള ചോദ്യം. അതിന് ഇനിയും യുദ്ധത്തിന് സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകണമെന്ന് തനിക്ക് ആഗ്രഹമില്ല. എന്നാൽ, അതിനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാനാവില്ല. ഇനിയൊരു യുദ്ധമുണ്ടായാൽ പാകിസ്താന് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന് ഇപ്പോൾ കൂടുതൽ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയെ പിന്തുണച്ച പല രാജ്യങ്ങളുംഇപ്പോൾ അവർക്കൊപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ കാലഘട്ടത്തിലൊഴികെ മറ്റൊരു സമയത്തും ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അള്ളാഹുവിന്റെ നാമത്തിലാണ് പാകിസ്താൻ രുപീകരിക്കപ്പെട്ടത് മെയിൽ ഇന്ത്യയുമായി പ്രശ്നമുണ്ടായിരുന്ന സമയത്ത് പാകിസ്താൻ ഒറ്റക്കെട്ടായിരുന്നു. ആഭ്യന്തരതലത്തിൽ പ്രശ്നങ്ങളുണ്ടായാലും ഇന്ത്യക്കെതിരായ യുദ്ധത്തിൽ തങ്ങൾ ഒറ്റക്കെട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പാകിസ്താനെതിരെ മുന്നറിയിപ്പുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ധ്വിവേദി രംഗത്തെത്തിയിരുന്നു. തീവ്രവാദത്തിന് പിന്തുണ നൽകുന്നത് നിർത്തിയില്ലെങ്കിൽ ഭൂപടത്തിൽ പോലും പാകിസ്താൻ കാണില്ലെന്നായിരുന്നു കരസേന മേധാവിയുടെ പരാമർശം. ഇന്ത്യയുടെ പൗരൻമാരെ സംരക്ഷിക്കുന്നതിനായി എപ്പോൾ വേണമെങ്കിലും അതിർത്തികടക്കുമെന്ന പരാമർശം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിരോധമന്ത്രിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.