സമാധാന ചർച്ചകൾക്കായി തെഹ്റാനിൽ എത്തിയ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെ സ്വീകരിക്കുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി

സമാധാന ചർച്ചക്ക് പാക് സൈനിക മേധാവി അസിം മുനീർ ഇറാനിൽ; വെടിനിർത്തൽ കരാർ രണ്ടാഴ്ചകൂടി തുടർന്നേക്കും

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ സജീവമായി നടക്കുന്ന ചർച്ചകളുടെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി. പാകിസ്താനിൽ വെച്ച് നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ നേരത്തെ പരാജയപ്പെട്ടിരുന്നുവെങ്കിലും, വരും ദിവസങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സൂചിപ്പിച്ചതിന് പിന്നാലെയാണ് അസിം മുനീർ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ എത്തിയത്. സമാധാന ചർച്ചകൾക്ക് ചൈനയുടെ പിന്തുണ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഹുർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന് ട്രംപ് 'ന്യൂയോർക്ക് പോസ്റ്റിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്‌ലാമാബാദ് കേന്ദ്രീകരിച്ചായിരിക്കും ചർച്ചക്കുള്ള നീക്കങ്ങൾ നടക്കുക. ഇതിനിടെ മൂന്ന് പതിറ്റാണ്ടിന് ശേഷം ലബനാനും ഇസ്രായേലും തമ്മിൽ ആദ്യമായി നേരിട്ടുള്ള നയതന്ത്ര ചർച്ചകൾ വാഷിങ്ങ്ടൺ ഡി.സിയിൽ നടന്നു. ഹിസ്ബുല്ലയുമായുള്ള പോരാട്ടം അവസാനിപ്പിക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മധ്യസ്ഥത വഹിക്കുന്ന ഈ ചർച്ചകളിൽ, വെടിനിർത്തലാണ് ലബനാനിന്റെ പ്രധാന ആവശ്യം. എന്നാൽ ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നീക്കുകയാണ് ഇസ്രായേൽ. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഈ ശ്രമങ്ങളെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. പാകിസ്താൻ സൈനിക മേധാവിയുടെ ഇറാൻ സന്ദർശനം ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു എന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി.

അതേസമയം, ഇസ്രായേൽ-ലബനാൻ അതിർത്തിയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ഇറാൻ നടത്തുന്ന നീക്കങ്ങൾ ഫലം കണ്ടേക്കുമെന്ന് ഹിസ്ബുല്ലയുടെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇസ്‌ലാമാബാദിൽ വെച്ച് നടക്കുന്ന സമാധാന ചർച്ചകളിൽ ലബനാൻ വിഷയവും ഉൾപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായാണ് സൂചന.

എന്നാൽ ഇറാനിലും ലെബനനിലും സൈനിക നടപടികൾ തുടരുന്നതിനായുള്ള പുതിയ പദ്ധതികൾക്ക് ഇസ്രായേൽ സൈന്യം അംഗീകാരം നൽകിയാതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) മേധാവി എയാൽ സമീർ വ്യക്തമാക്കി. ഇറാന്റെ പ്രതിരോധ ശേഷി തകർക്കപ്പെട്ടതായും വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pakistan Army Chief Asim Munir in Iran for peace talks; ceasefire may continue for another two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.