വാഷിങ്ടൺ: ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വിലയിൽ ഒറ്റയടിക്ക് ഏഴ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. സംഘർഷം അയവില്ലാതെ തുടരുന്നത് ആഗോള സാമ്പത്തിക വിപണിയെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ബ്രെന്റ് ക്രൂഡ് ബാരലിന് 96.88 ഡോളറായാണ് ഉയർന്നത്. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വിലയും 7 ശതമാനം വർദ്ധിച്ച് 90.33 ഡോളറിലെത്തി. ഇന്ധനവില വർധനവ് അമേരിക്കയിലെ സാധാരണക്കാരെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. യു.എസിൽ ഗ്യാസോലിൻ വില ഗാലന് 4.05 ഡോളറായി ഉയർന്നു. വരും വർഷം വരെ വിലയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് യു.എസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് മുന്നറിയിപ്പ് നൽകി.
ഹുർമുസ് കടലിടുക്ക് വഴി സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാനിയൻ ഗൺബോട്ടുകൾ വെടിയുതിർത്തതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇതിനു പിന്നാലെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച തൂസ്ക എന്ന ഇറാനിയൻ കപ്പൽ യു.എസ് സെൻട്രൽ കമാൻഡ് പിടിച്ചെടുത്തു. അമേരിക്കയുടേത് സായുധ കടൽക്കൊള്ളയാണെന്ന് വിശേഷിപ്പിച്ച ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്താനിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കിൽ വെടിനിർത്തൽ നീട്ടില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കടലിടുക്കിലെ ഉപരോധം പിൻവലിച്ചില്ലെങ്കിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന നിലപാടിലാണ് ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം നിലനിൽക്കുന്നിടത്തോളം ഹുർമുസ് അടഞ്ഞുകിടക്കുമെന്നാണ് ഇറാൻ റവലൂഷനറി ഗാർഡ്സിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ഇറാൻ ഹുർമുസ് തുറന്നെന്ന് പ്രഖ്യാപിച്ചതോടെ 10ലേറെ കപ്പലുകൾ ഹുർമുസ് കടന്നിരുന്നു. എന്നാൽ, ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തുടരുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ഇറാൻ വീണ്ടും ഹുർമുസ് അടച്ചിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.