വംശഹത്യ, ഫലസ്തീൻ, അഭയാർഥി ക്യാമ്പ്...; വാർത്തകളിൽ വാക്കുകൾക്ക് വിലക്കേർപ്പെടുത്തി ന്യൂയോർക് ടൈംസ്

വാഷിങ്ടൺ ഡി.സി: ഗസ്സയിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വാക്കുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂയോർക് ടൈംസ്. വംശഹത്യ, ഫലസ്തീൻ, അഭയാർഥി ക്യാമ്പ്, വംശീയ ഉന്മൂലനം തുടങ്ങിയ നിരവധി വാക്കുകൾ വാർത്തകളിൽ ഉപയോഗിക്കരുതെന്നാണ് മാധ്യമപ്രവർത്തകർക്ക് നൽകിയ ഇന്‍റേണൽ മെമോയിൽ നിർദേശിക്കുന്നത്. അമേരിക്കൻ അന്വേഷണാത്മക മാധ്യമസ്ഥാപനമായ 'ദ ഇന്‍റർസെപ്റ്റ്' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഗസ്സയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ 'ഫലസ്തീൻ' എന്ന വാക്ക് പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് 'ദ ഇന്‍റർസെപ്റ്റി'ന് ചോർന്നുകിട്ടിയ ന്യൂയോർക് ടൈംസ് മെമോയിൽ പറയുന്നു. വർഷങ്ങളായുള്ള ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർ താമസിക്കുന്ന കേന്ദ്രങ്ങളെ 'അഭയാർഥി ക്യാമ്പുകൾ' എന്ന് വിശേഷിപ്പിക്കരുത്. 'വംശഹത്യ' എന്ന് റിപ്പോർട്ട് ചെയ്യരുത്. പകരം സംഭവത്തെ സൂചിപ്പിക്കുന്ന മറ്റെന്തെങ്കിലും വാക്ക് ഉപയോഗിക്കണം. 'അധിനിവേശ ഭൂമി' എന്ന വാക്ക് ഉപയോഗിക്കരുതെന്നും നിർദേശം നൽകുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തോടെയാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതെന്ന ഇസ്രായേലി, അമേരിക്കൻ വാദമുഖങ്ങളെ പിന്തുണക്കുന്നതാണ് ന്യൂയോർക് ടൈംസിന്‍റെ ഇത്തരം നിലപാടുകളെന്ന് വ്യാപക വിമർശനമുയർന്നു കഴിഞ്ഞു.

ടൈംസ് സ്റ്റാൻഡേർഡ്സ് എഡിറ്റർ സൂസൻ വെസ്ലിംഗ്, ഇന്‍റർനാഷണൽ എഡിറ്റർ ഫിലിപ്പ് പാൻ, ഡെപ്യൂട്ടി എഡിറ്റർമാർ എന്നിവർ ചേർന്ന് തയാറാക്കിയതാണ് മെമോ. ഗസ്സ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗനിർദേശം എന്ന പേരിലാണ് മെമോ. 


ഫലസ്തീൻ വിഷയത്തിലെ ഇസ്രായേൽ വാദങ്ങളോട് വിധേയപ്പെട്ടുള്ള നിലപാടാണ് ന്യൂയോർക് ടൈംസ് സ്വീകരിക്കുന്നതെന്ന് ടൈംസ് മാധ്യമപ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടിയെന്ന് 'ദ ഇന്‍റർസെപ്റ്റർ' റിപ്പോർട്ട് ചെയ്യുന്നു. 'ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്‍റെ ചരിത്രപശ്ചാത്തലം അറിയാത്തവർക്ക് ഈ മെമോയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തോന്നും. എന്നാൽ, ചരിത്ര പശ്ചാത്തലം നിങ്ങൾക്ക് അറിയാമെങ്കിൽ ടൈംസ് ഇസ്രായേലിനോട് എത്രത്തോളം വിധേയപ്പെടുന്നു എന്ന് വ്യക്തമാകും' -പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ടൈംസ് ജീവനക്കാരൻ 'ദ ഇന്‍റർസെപ്റ്ററി'നോട് പറഞ്ഞു.

നവംബറിലാണ് ഇത്തരമൊരു മെമോ ആദ്യമായി ന്യൂയോർക് ടൈംസ് ജീവനക്കാർക്ക് നൽകിയത്. പിന്നീട് പലപ്പോഴായി ഇത് പുതുക്കിയിട്ടുണ്ട്. അതേസമയം, ഗസ്സ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്യതയും സ്ഥിരതയുമുണ്ടാകാനാണ് ഇത്തരമൊരു ഇന്‍റേണൽ മെമോ നൽകിയതെന്ന് ന്യൂയോർക് ടൈംസ് വക്താവ് പ്രതികരിച്ചു. പ്രധാന സംഭവങ്ങൾ നടക്കുമ്പോൾ ഇതുപോലെ മാർഗനിർദേശം നൽകാറുണ്ടെന്നും വക്താവ് പറഞ്ഞു.

ഒക്ടോബർ ഏഴ് മുതലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ, നിഷ്പക്ഷരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ മാധ്യമങ്ങൾ കാണിക്കുന്ന പക്ഷപാതത്തെ കുറിച്ച് നേരത്തെ 'ദ ഇന്‍റർസെപ്റ്റർ' റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണ വാർത്തകളിൽ 'കൂട്ടക്കൊല', 'കുരുതി', 'ഭയാനകം' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചപ്പോൾ ഇസ്രായേൽ ഗസ്സയിലും ഫലസ്തീന്‍റെ മറ്റിടങ്ങളിലും നടത്തിയ ക്രൂരതകളുടെ വാർത്തകളിൽ ഈ വാക്കുകൾ പ്രയോഗിച്ചില്ല. നവംബർ 24 വരെയുള്ള ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ലോസ് ഏഞ്ചലസ് ടൈംസ് എന്നീ മാധ്യമങ്ങളിലെ വാർത്തകൾ പരിശോധിച്ചായിരുന്നു 'ദ ഇന്‍റർസെപ്റ്റർ' റിപ്പോർട്ട്.

ഇസ്രായേൽ ഭാഗത്തുണ്ടായ നഷ്ടത്തെ നവംബർ 24 വരെയുള്ള വാർത്തകളിൽ 'കൂട്ടക്കുരുതി' എന്ന് ന്യൂയോർക് ടൈംസ് വിശേഷിപ്പിച്ചത് 53 പ്രാവശ്യമാണ്. അതേസമയം, ഫലസ്തീൻ ജനതയെ ഇസ്രായേൽ കൂട്ടക്കൊല ചെയ്തപ്പോൾ വാർത്തയിൽ 'കൂട്ടക്കുരുതി' എന്ന് വിശേഷിപ്പിച്ചത് ഒരു തവണ മാത്രമാണ്. 

Tags:    
News Summary - NYT instructs staff against using 'genocide', 'Palestine' in Gaza articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.