മുൻ പരിചയം വേണ്ട, റെസ്യൂമെയും ആവശ്യമില്ല...നിങ്ങളൊന്നു വന്നാൽ മതി, ജോലി തരാം

ദോഹ/ലിസ്ബൺ/മഡ്രിഡ്: കോവിഡ് മഹാമാരിയോടെ യൂറോപ്പിലെ വൻ കിട ഹോട്ടലുകളിൽ ജീവനക്കാരെ കിട്ടാനില്ല. തുടർന്ന് ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകാൻ മുൻ പരിചയം നോക്കാതെ ബയോഡാറ്റ പോലും പരിഗണിക്കാതെ ജീവനക്കാരെ തെരഞ്ഞെടുക്കാൻ വൻ കിട ഹോട്ടൽ കമ്പനികൾ നിർബന്ധിതരായിരിക്കുന്നു. മുമ്പത്തെ പോലെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാനും ആളുകളെ കിട്ടുന്നില്ല.

കോവിഡ് മഹാമാരിയെ തുടർന്ന് ​ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെയാണ് ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായത്. കോവിഡിനു ശമനം വന്നിട്ടും പല ജീവനക്കാരും പഴയ ജോലിയിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. പകരം, കൂടുതൽ ശമ്പളമുള്ള മറ്റു ജോലികൾ അന്വേഷിക്കാൻ തുടങ്ങി. ഇതോടെ ജോലിക്ക് ആളുകളെ കിട്ടാതെ ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലായി.

യൂറോപ്പിൽ ഹോട്ടൽ വ്യവസായ മേഖലയിൽ മുൻപന്തിയിലുള്ള ഏക്കർ തൊഴിൽ പരിചയമില്ലാത്തവരെ പോലും ജോലിക്കെടുക്കാൻ നിർബന്ധിതരായിരിക്കയാണ്. 110 രാജ്യങ്ങളിലായി മെർകുറി, ഇബിസ്, ഫെയർമന്ത് തുടങ്ങിയ ബ്രാന്റുകൾ കമ്പനിക്കു കീഴിലുണ്ട്. ആഗോളതലത്തിൽ 35,000 തൊഴിലാളികളെയാണ് കമ്പനിക്ക് വേണ്ടതെന്ന് ചീഫ് എക്സിക്യൂട്ടിവ് സെബാസ്റ്റ്യൻ ബാസിൻ പറഞ്ഞു. കടുത്ത ക്ഷാമമായതിനാൽ റെസ്യൂമെ പോലും പരിഗണിക്കാതെയാണ് ആളുകളെ ജോലിക്കെടുക്കാൻ തീരുമാനിച്ചത്. അതിനാൽ അഭിമുഖം നടന്ന് 24 മണിക്കൂറിനകം തൊഴിലാളികളെ എടുക്കുകയും ചെയ്തു.

ഫ്രാൻസിൽ യുവാക്കളെയും കുടിയേറ്റക്കാരെയും വെച്ചാണ് കമ്പനി നടത്തിപ്പ് മുന്നോട്ടു പോകുന്നത്. വടക്കൻ ആ​ഫ്രിക്കയിൽ നിന്നുള്ള വിദ്യാർഥികളാണ് ഇതിൽ കൂടുതലും. പുതുതായി എടുത്തവർക്ക് ജോലിയെ കുറിച്ച് മനസിലാക്കാൻ ആറുമണിക്കൂർ പരിശീലനം നൽകുന്നുണ്ടെന്നും ബാസിൻ സൂചിപ്പിച്ചു. സ്‍പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും ഹോട്ടലിൽ ജോലിയെടുക്കാൻ ആളെ കിട്ടാനില്ല.

ഉയർന്ന ശമ്പളവും താമസ സൗകര്യവും ബോണസും ആരോഗ്യ ഇൻഷുറൻസുമടക്കം ഹോട്ടൽ കമ്പനികൾ ജീവനക്കാർക്ക് നൽകാൻ തയാറാണ്. ജീവനക്കാരെ ആകർഷിക്കാനാണ് സൗജന്യമായി താമസസൗകര്യം നൽകാൻ തീരുമാനിച്ചത്. ചെറുകിട ഹോട്ടലുകളും തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.