‘വിചിത്രമായ അസംബന്ധം’; യു.എന്നിൽ ഫ്രഞ്ച് പ്രസിഡന്റിനെതിരെ നെതന്യഹുവിന്റെ രൂക്ഷ പ്രതികരണം

തെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഹമാസ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.എൻ പൊതുസഭയിൽ മാക്രോൺ നടത്തിയ പ്രസ്താവന 'വിചിത്രമായ അസംബന്ധം' ആണെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ സംസാരിക്കവെയാണ് ഗസ്സയിലെ പ്രതിസന്ധിക്കൊപ്പം വെസ്റ്റ് ബാങ്കിലെ സാഹചര്യങ്ങളും ഫ്രഞ്ച് പ്രസിഡന്റ് പരാമർശിച്ചത്. 'വെസ്റ്റ് ബാങ്കിൽ ഹമാസ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ല' എന്നായിരുന്നു മാക്രോണിന്റെ വാക്കുകൾ. എന്നാൽ ഈ പ്രസ്താവന തികഞ്ഞ അസംബന്ധവും ഞെട്ടിക്കുന്നതാണെന്നും ഇസ്രായേൽ കടുത്ത ഭാഷയിൽ വിമർശിച്ചു.

യഹൂദന്മാർക്കെതിരെ ഹമാസ് ദിവസേനയെന്നോണം ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നും വെസ്റ്റ് ബാങ്ക് മേഖലകളിൽ എണ്ണമറ്റ ഇസ്രായേലി പൗരന്മാരെ അവർ കൊലപ്പെടുത്തിയിട്ടുണ്ടെന്നും നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വെസ്റ്റ് ബാങ്കിലുണ്ടായ വെടിവെപ്പിൽ ഫ്രഞ്ച് പൗരത്വം കൂടിയുള്ള ഇസ്രായേലി പൗരൻ കൊല്ലപ്പെട്ട സംഭവവും ഇസ്രായേൽ ഇതിനോടൊപ്പം എടുത്തുപറഞ്ഞു.

വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിലെ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഗാദി ഐസൻകോട്ടും മാക്രോണിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. നിലവിലെ യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമർശമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, ഇസ്രായേലിന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ, വെസ്റ്റ് ബാങ്ക് ഔദ്യോഗികമായി ഭരിക്കുന്നത് ഹമാസല്ലെന്നാണ് മാക്രോൺ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥൻ രംഗത്തെത്തിയിട്ടുണ്ട്.

യു.എൻ പൊതുസഭയിൽ സംസാരിക്കവേ ഗസ്സയിൽ സമാധാനം പുന:സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഡോണൾഡ് ട്രംപിന്റെ ഗസ്സ ബോർഡ് ഓഫ് പീസിനെയും മാക്രോൺ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിൽ ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ലെന്നും ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് എല്ലാവരും ലജ്ജിക്കേണ്ട കാഴ്ചയാണെന്നും ഐക്യരാഷ്ട്രസഭയുടെ വേദിയിൽ മാക്രോൺ തുറന്നടിച്ചു.

ഇതിനിടെ, ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടനും ഫ്രാൻസും ഉപരോധം ഏർപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ രീതിയിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. യു.കെ പ്രധാനമന്ത്രി ആൻഡി ബർണാം യു.എൻ പൊതുസഭയിൽ ഈ നടപടിയെ ന്യായീകരിച്ചു സംസാരിക്കുകയും ഇസ്രായേൽ സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും ചെയ്തു.  

Tags:    
News Summary - Netanyahu decries Macron’s ‘grotesque’ claim that Hamas ‘never operated’ in West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.