ഇന്ത്യക്കും പാകിസ്താനും ഡ്രോൺ വിൽക്കുന്നത് ഒരേ കമ്പനി; ഇസ്രയേൽ മുൻ സൈനികൻ സഹസ്ഥാപകൻ

ഇസ്‍ലാമാബാദ്/തെൽ അവീവ്: ഇന്ത്യക്ക് ​ഡ്രോൺ വിൽക്കുന്ന കമ്പനിയുമായി ​പാകിസ്താൻ കരാറിലൊപ്പിട്ടത് ചർച്ചയാകുന്നു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കളുടെ നിക്ഷേപമുള്ള പവറസ് എന്ന യു.എസ് ഡ്രോൺ കമ്പനിയുമായാണ് പാകിസ്താൻ കരാറിലെത്തിയിരിക്കുന്നത്.

സെപ്റ്റംബർ 16ന് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായി കമ്പനി പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നിർണായക പ്രഖ്യാപനങ്ങളുണ്ടായത്. പാകിസ്താൻ സൈന്യവുമായി ഒരു ധാരണാപത്രവും)പ്രതിരോധ മന്ത്രാലയവുമായി പരിമിതമായ സംഭരണ ഉത്തരവും ഒപ്പുവെച്ചതായി കമ്പനി വ്യക്തമാക്കി.

കമ്പനിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദം അതിന്റെ ഇന്ത്യയുമായുള്ള മുൻകാല വ്യാപാര ബന്ധമാണ്. പാകിസ്താനുമായി കരാർ ഒപ്പിടുന്നതിന് വെറും മൂന്ന് മാസം മുമ്പ്, പവറസിന്റെ ഗാർഡിയൻ-1 ഡ്രോൺ ഇന്റർസെപ്റ്റർ സാങ്കേതികവിദ്യ ഇന്ത്യയിൽ നിർമിക്കാനും വിൽക്കാനുമുള്ള എക്സ്ക്ലൂസീവ് ലൈസൻസ് പ്രമുഖ ഇന്ത്യൻ പ്രതിരോധ നിർമാതാക്കളായ പരാസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസിന് നൽകിയിരുന്നു.

ശത്രുരാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും ഒരേ കമ്പനിയിൽനിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നത് ഇരുരാജ്യങ്ങളുടെയും പ്രവർത്തന സുരക്ഷയെ ബാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. 1984ലെ സിയാച്ചിൻ ഗ്ലേസിയർ സംഘർഷത്തിന് മുമ്പ് ഇന്ത്യയും പാകിസ്താനും ഒരേ ലണ്ടൻ കമ്പനിയിൽനിന്ന് ഉന്നത മലനിരകളിലെ യുദ്ധോപകരണങ്ങൾ വാങ്ങിയ ചരിത്രവും ഇതിനോടൊപ്പം വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

പവറസിന്റെ നേതൃനിരയിലുള്ളവരുടെ ഇസ്രായേൽ ബന്ധമാണ് പാകിസ്താനിൽ മറ്റൊരു ചർച്ചാവിഷയം. പാകിസ്താൻ ഔദ്യോഗികമായി അംഗീകരിക്കാത്ത ഇസ്രായേലിൽനിന്നുള്ള മുൻ സൈനിക ഉദ്യോഗസ്ഥനാണ് കമ്പനിയുടെ സഹസ്ഥാപകനായ സിവ് മറോം. കൂടാതെ, കമ്പനിയുടെ അനുബന്ധ സ്ഥാപനമായ കൈസൻ എയ്റോസ്പേസ് സ്ഥാപിച്ചതും അദ്ദേഹമാണ്.

കമ്പനിയുടെ മെർജേഴ്സ് ആൻഡ് അക്വിസിഷൻസ് വൈസ് പ്രസിഡന്റും മുൻ യു.എസ് നേവി സീൽ ഉദ്യോഗസ്ഥനുമായ ജസ്റ്റിൻ ഗാൻസ്, ഇസ്രായേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസിന്റെ മുൻ ഉദ്യോഗസ്ഥനായിരുന്നു.

ഗസ്സയിലെ നരഹത്യയുടെ പേരിൽ ഇസ്രായേലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാകിസ്താൻ ഇത്തരം ഒരു പശ്ചാത്തലമുള്ള കമ്പനിയുമായി കരാറിലൊപ്പിട്ടത് ശ്രദ്ധേയമാണ്. എങ്കിലും, അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ സംവിധാനങ്ങൾ വഴി ഇസ്രായേൽ ഘടകങ്ങൾ പരോക്ഷമായി സ്വീകരിക്കാൻ പാകിസ്താൻ മുമ്പും മടിച്ചിട്ടില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - US Drone Company Powers Inks Deal With Pakistan Months After Licensing Tech To India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.