ട്രംപിന്റെ ഭീഷണിക്ക് ട്രോൾ മറുപടി; ബാലയ്യയുടെ ആക്ഷൻ രംഗങ്ങൾ പങ്കുവെച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി
ന്യൂയോർക്ക്: ഇറാന്റെ മേൽ പൂർണ നാശം വിതയ്ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ ട്രോളി സിംബാബ്‌വെയിലെ ഇറാൻ എംബസി. തെലുങ്ക് മെഗാസ്റ്റാർ നന്ദമുറി ബാലയ്യയുടെ ആക്ഷൻ സിനിമയുടെ ക്ലിപ്പ് പങ്കുവെച്ചാണ് ഇറാന്റെ ആക്ഷേപ ഹാസ്യം. ട്രംപ് ഭരണകൂടം ഹോളിവുഡ് സിനിമകൾക്ക് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്നും, ഇറാൻ പ്രതിരോധ ശക്തിയില്ലാത്ത രാജ്യമല്ലെന്ന് ട്രംപിന് നന്നായി അറിയാമെന്നും എംബസിയുടെ ഔദ്യോഗിക പോസ്റ്റിൽ വ്യക്തമാക്കിയത്.
തെലുങ്ക് താരം നന്ദമുറി ബാലകൃഷ്ണയുടെ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിലെ 58 സെക്കൻഡ് ദൈർഘ്യമുള്ള സംഘട്ടന രംഗമാണ് സോഷ്യൽ മീഡിയയിലൂടെ എംബസി പങ്കുവെച്ചത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ, ഇറാനുമായി സമാധാന കരാറിലെത്തണോ അതോ "ഇസ്ലാമിക് റിപ്പബ്ലിക്കിനെ പൂർണമായി നശിപ്പിക്കണോ" എന്ന് താൻ ആലോചിക്കുകയാണെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ ഈ വേറിട്ട പ്രതികരണം നടത്തിയത്. പോസ്റ്റ് ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.
അതേസമയം, യു.എസും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം ഏഴുമാസം പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോര് രൂക്ഷമായിരിക്കുന്നത്. അതേസമയം, യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. യു.എസ് ഭീഷണികൾക്കിടയിലും ഖത്തർ മധ്യസ്ഥർ മുഖേന ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ മൂന്ന് മണിക്കൂർ നീണ്ട പരോക്ഷ ചർച്ചകൾ നടന്നു. തുറമുഖങ്ങളുടെ ഉപരോധം അവസാനിപ്പിക്കണമെന്നും മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീഷണികൾ നിലനിൽക്കുമ്പോഴും, ഇറാന്റെ പ്രസിഡന്റുമായി ചർച്ചയ്ക്ക് തങ്ങൾ തയാറാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം നടക്കുന്നതിനിടയിൽ യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധികൾ യു.എസിൽ എത്തുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.