പ്രതിഷേധം, സുരക്ഷാ ഭീഷണി; ന്യൂയോർക് സന്ദർശനം മണിക്കൂറുകൾ മാത്രമാക്കി നെതന്യാഹു

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിനിമ്യൻ നെതന്യാഹുവിന്റെ ന്യൂയോർക്ക് സന്ദർശനം ഏതാനും മണിക്കൂറുകൾ മാത്രമായി വെട്ടിച്ചുരുക്കി. ഗസ്സയിലെ നരഹത്യയും വെസ്റ്റ് ബാങ്കിലെ സൈനിക അതിക്രമങ്ങളും സംബന്ധിച്ച ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്നാണ് യു.എസ് സന്ദർശനം ചുരുക്കിയതെന്നും രാത്രി അവിടെ തങ്ങില്ലെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉന്നതതല യോഗങ്ങൾക്ക് ശേഷമാണ് നെതന്യാഹു അമേരിക്കയിൽ കൂടുതൽ സമയം തങ്ങരുതെന്ന് ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തത്. കൃത്യമായ സ്വഭാവം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യാത്ര ചുരുക്കാൻ കാരണമായ വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ സുരക്ഷാ വിഭാഗം നൽകിയിരുന്നു.

ബുധനാഴ്ച രാത്രി വൈകി ഇസ്രായേലിൽ നിന്ന് പുറപ്പെടുന്ന നെതന്യാഹു വ്യാഴാഴ്ച രാവിലെ ന്യൂയോർക്കിലെത്തി യു.എൻ പൊതുസഭയുടെ 81ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാത്രി തങ്ങാതെ അന്ന് തന്നെ അദ്ദേഹം ഇസ്രായേലിലേക്ക് മടങ്ങും.

ഇസ്രായേലിന്റെ ഗസ്സയിലെ നരഹത്യക്കും വെസ്റ്റ് ബാങ്കിലെ സൈനിക അതിക്രമങ്ങൾക്കുമെതിരെ ന്യൂയോർക്കിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കാണ് സാധ്യതയുള്ളത്. ഇതിനിടയിലാണ് ഈ മിന്നൽ സന്ദർശനം.

ഗസ്സയിയിലെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും 2024 നവംബറിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ട്രംപുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കി

ഇരുരാജ്യങ്ങളുടെയും നയതന്ത്ര ശ്രമങ്ങൾക്കപ്പുറം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത നെതന്യാഹുവിന്റെ ചുരുക്കിയ യാത്രാപദ്ധതിയിലില്ല. നേതാക്കളുടെ സമയം പരസ്പരം ഒത്തുവരാത്തതിനാലാണിത്. ട്രംപ് കാണാൻ നിശ്ചയിച്ചിട്ടുള്ള വിദേശ പ്രതിനിധികളുടെ പട്ടികയിൽ നെതന്യാഹുമില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ, വ്യവസായി ഇലോൺ മസ്കിയുമായി ചർച്ച നടത്തുന്നതിനായി ടെക്സാസിൽ നിശ്ചയിച്ചിരുന്ന സന്ദർശനവും പെട്ടെന്ന് റദ്ദാക്കി. ഇതിനായി ഇസ്രായേൽ സുരക്ഷാ സംഘം നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. ഈ മാറ്റങ്ങളെല്ലാം നെതന്യാഹുവിന്റെ സന്ദർശനത്തെ യു.എൻ പ്രസംഗത്തിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ്.

Tags:    
News Summary - Netanyahu Cuts Short New York Visit Amid Protests and Security Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.