ബന്ദിമോചനത്തിന് തടസ്സം ഹമാസിന്റെ വ്യാമോഹമെന്ന് നെതന്യാഹു: ‘ഇസ്രായേലിന്റെ തോൽവി മാത്രമാണ് അവരുടെ ലക്ഷ്യം’

തെൽഅവീവ്: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിന് പ്രധാന തടസ്സം ഹമാസിന്റെ വ്യാമോഹങ്ങൾ നിറഞ്ഞ ഉപാധികളാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലിന്റെ പരാജയം മാത്രമാണ് ഹമാസ് ലക്ഷ്യമിടു​ന്നതെന്നും ഞങ്ങൾ അതിന് സമ്മതിക്കില്ലെന്നും നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിവസം കഴിയുന്തോറും ബന്ദികളുടെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി, മോചനത്തിന് അടിയന്തര കരാർ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്  ബന്ദികളുടെ ബന്ധുക്കളും ആക്ടിവിസ്റ്റുകളും ഇന്നലെ വീണ്ടും തെരുവിലിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നെതന്യാഹു രംഗത്തെത്തിയത്.

‘മസ്ജിദുൽ അഖ്സ അടങ്ങുന്ന ടെമ്പിൾ മൗണ്ടിന്റെ അവകാശം, ഗസ്സ യുദ്ധം അവസാനിപ്പിക്കൽ, ഹമാസിനെ ഗസ്സയുടെ അധികാരത്തിൽ നിലനിർത്തൽ, ഇസ്രായേൽ സേനയെ (ഐ.ഡി.എഫ്) ഗസ്സയിൽനിന്ന് പിൻവലിക്കൽ, ആയിരക്കണക്കിന് കൊലപാതകികളെ (ഫലസ്തീൻ തടവുകാരെ) മോചിപ്പിക്കൽ എന്നിവയാണ് ഹമാസിന്റെ ആവശ്യം. ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത ഈ കാര്യങ്ങളാണ് ഈ നിമിഷം വരെ ഹമാസ് ചർച്ചയിൽ ഉന്നയിക്കുന്നത്. അവർ നിലപാട് മയപ്പെടുത്തുമ്പോൾ മാത്രമേ ചർച്ചയിൽ പുരോഗതി ഉണ്ടാകൂ. ഈ വ്യാമോഹങ്ങൾ ഉപേക്ഷിച്ചാൽ നമുക്ക് ചർച്ചയുമായി മുന്നോട്ട് പോകാം’ -നെതന്യാഹു പറഞ്ഞു.

സി.ഐ.എ ഡയറക്ടർ വില്യം ബേൺസിൻ്റെ മേൽനോട്ടത്തിൽ കഴിഞ്ഞയാഴ്ച കെയ്‌റോയിലേക്ക് രണ്ടാമത്തെ പ്രതിനിധി സംഘത്തെ ചർച്ചക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് കാരണം ഹമാസിന്റെ കടുംപിടുത്തമാണെന്നും നെതന്യാഹു പറഞ്ഞു.

“ഞങ്ങൾ ഇതിനകം തന്നെ ചർച്ചകളിൽ ഒരുപാട് മുന്നോട്ട് പോയി. എന്നാൽ, ഹമാസ് അവരുടെ ആവശ്യങ്ങളിൽനിന്ന് പിന്മാറാത്തതിനാലാണ് ഇനി ചർച്ചയിൽ പ​ങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അവർ ഒരിഞ്ച് പോലും പിന്നോട്ടുപോകുന്നില്ല. എന്നിട്ടും യു.എസ് പ്രസിഡ​ന്റ് ജോ ബൈഡന്റെ അഭ്യർത്ഥന മാനിച്ചാണ് കെയ്‌റോയിലേക്ക് ആദ്യം പ്രതിനിധി സംഘത്തെ ചർച്ചകൾക്കായി അയച്ചത്. പ്രതിനിധി സംഘത്തോട് എല്ലാം കേൾക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഹമാസിന്റെ ഉപാധികളിൽ മാറ്റമൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ വീണ്ടും പ്രതിനിധി സംഘം കെയ്‌റോയിലേക്ക് പോകുന്നത് ഫലശൂന്യമാണ്. അതിനാലാണ് രണ്ടാമത്തെ സംഘത്തെ അയക്കുന്നതിൽനിന്ന് പിൻമാറിയത്’ -നെതന്യാഹു പറഞ്ഞു.

‘ഹമാസിന്റെ നിലപാടിൽ മാറ്റം കാണുന്നതുവരെ ചർച്ചക്ക് പോകുന്നതിൽ അർത്ഥമില്ല. ഇതൊരു ചർച്ചയാണ്. അല്ലാതെ കൊടുക്കൽ വാങ്ങൽ നടത്രാനുള്ള സാഹചര്യമല്ല. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ നയത്തിന്റെ കാതൽ ശക്തമായ സൈനിക സമ്മർദ്ദവും ഉറച്ച ചർച്ചകളുമാണ്. ഇങ്ങനെയാണ് ഞങ്ങൾ ഇതുവരെ 112 തടവുകാരെ മോചിപ്പിച്ചത്. എല്ലാവരെയും മോചിപ്പിക്കുന്നത് വരെ ഞങ്ങൾ ഇതുതന്നെ ചെയ്യും. ഹമാസുമായുള്ള ചർച്ചകൾക്ക് ഉറച്ച നിലപാട് ആവശ്യമാണ്” -നെതന്യാഹു പറഞ്ഞു.

അതിനിടെ, വടക്കൻ ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നത് വരെ ഇനി മധ്യസ്ഥ ചർച്ചകൾക്ക് തങ്ങളില്ലെന്ന് ഹമാസും വ്യക്തമാക്കി. ഗസ്സയിലെ മനുഷ്യർക്ക് സഹായമെത്തിക്കുന്നത് പുനരാരംഭിച്ചാൽ്യ മാത്രമേ വെടിനിർത്തൽ, ബന്ദി ഉടമ്പടി ചർച്ചകളുമായി ഇനി സഹകരിക്കൂ എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്. 

Tags:    
News Summary - Netanyahu halted Gaza truce talks over 'delusional' Hamas demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.