30 വർഷത്തിനിടെ നേപ്പാളിലെ ഏറ്റവും വലിയ വിമാനദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

നേപ്പാളിൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വിമാനദുരന്തമാണ് ഞായറാഴ്ച പൊഖാറയിലുണ്ടായത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് രാവിലെ വിനോദസഞ്ചാര കേന്ദ്രമായി പൊഖാറയിലേക്ക് പറന്നുയർന്ന യതി എയർലൈൻസിന്‍റെ എ.ടി.ആർ 72 വിമാനമാണ് തകർന്നുവീണത്.

68 യാത്രക്കാരും നാലു ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 1992ൽ പാകിസ്താൻ ഇന്റനാഷനൽ എ‍യർലൈൻസിന്‍റെ എ‍യർബസ് എ 300 കാഠ്ണണ്ഡു വിമാനത്താവളത്തിനു സമീപം തകർന്നു വീണിരുന്നു. വിമാനത്തിലെ 167 യാത്രക്കാരും മരിച്ചു. നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണിത്. എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 പർവതങ്ങളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിൽ വിമാനാപകടങ്ങൾ അസാധാരണമല്ല.

കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ് അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. 2022 മെയിൽ പൊഖാറ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന താര എയർലൈൻസ് വിമാനം തകർന്ന് വീണ് 22 പേർ മരിച്ചിരുന്നു. 16 നേപ്പാൾ പൗരന്മാരും നാലു ഇന്ത്യക്കാരും രണ്ടു ജർമൻകാരുമാണ് അന്ന് മരിച്ചത്. 2018 മാർച്ചിൽ ബംഗ്ലാദേശിന്‍റെ യു.എസ്-ബംഗ്ലാ വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിനു സമീപം തകർന്നുവീണ് 51 പേർ മരിച്ചു.

തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ ദൂരെയാണ് റിസോർട്ട് നഗരമായ പൊഖാറ. അപകടത്തിനു പിന്നാലെ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം സേതി നദീതടത്തിലാണ് വിമാനം തകർന്നുവീണത്. ലാൻഡിങ്ങിനു തയാറെടുക്കുന്നതിനിടെയാണ് വിമാനം തകർന്ന് വീണത്.

Tags:    
News Summary - Nepal's biggest air disaster in 30 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.