നേപ്പാൾ വിമാന ദുരന്തം: 68 മൃതദേഹങ്ങൾ കണ്ടെടുത്തു, രക്ഷാപ്രവർത്തനം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിലെ പൊഖറ വിമാനത്താവളത്തിന് സമീപം വിമാനം തകർന്നുണ്ടായ അപകടത്തിൽ 68 മുതദേഹങ്ങൾ കണ്ടെത്തി. ആകെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. കാഠ്മണ്ഡുവിൽനിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്‍റെ എ.ടി.ആർ-72 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപെട്ടത്.

യാത്രികരിൽ 53 പേരും നേപ്പാളികളാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 15 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അർജന്റീന, അയർലൻഡ്, ആസ്​ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നായി ഓരോരുത്തരുമാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ.

 

പൊഖറ ഇന്‍റർനാഷനൽ വിമാനത്താവളത്തിനും ആഭ്യന്തര വിമാനത്താവളത്തിനും ഇടയിൽ പ്രാദേശിക സമയം രാവിലെ 11ഓടെയാണ് വിമാനം തകർന്നുവീണത്. വിമാനം പൂർണമായി കത്തിനശിച്ചു. യാത്രികർ രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തൽ.

യതി എയർലൈൻസിന്‍റെ ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് പൊഖറ വിമാനത്താവളം. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പൊഖറ ഇന്റർനാഷനൽ എയർപോർട്ട് താൽക്കാലികമായി അടച്ചു.

 

ചൈനീസ് സഹായത്തോടെ നിർമിച്ച പുതിയ പൊഖറ വിമാനത്താവളം 15 ദിവസം മുമ്പാണ് തുറന്നത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയാണ് ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖറ.

പൊഖറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നുവീണതെന്ന് യതി എയർലൈൻസ് വക്താവ് സുദർശൻ ബർത്വാല പറഞ്ഞു. അപകടസമയം കാലാവസ്ഥ ലാൻഡിങ്ങിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 

 

നേപ്പാൾ താഴ്‌വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുമെന്നും അതിനാൽ പൊഖറ വിമാനത്താവളത്തിലെ ലാൻഡിങ് ഏറെ വെല്ലുവിളിയാണെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Nepal Plane Crash Live Updates:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.