ഇന്ത്യൻ അതിർത്തിയോട് ചേർന്ന നേപ്പാൾ മേഖലകളിൽ അനിശ്ചിതകാല കർഫ്യൂ; അക്രമത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

കാഠ്മണ്ഡു: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ സൻസാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി. രണ്ട് മതവിഭാഗങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട തർക്കം വർഗീയ സംഘർഷത്തിലേക്ക് വഴിമാറുകയും അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും സുരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഞായറാഴ്ച സൻസാരിയിലെ കപ്തൻഗഞ്ച് മേഖലയിലാണ് സംഘർഷത്തിന് തുടക്കം. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് തിങ്കളാഴ്ച മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാത്തതിനാൽ ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ കർഫ്യൂ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് അടുത്ത ഉത്തരവുണ്ടാകുന്നതുവരെ തുടരുമെന്ന് പ്രാദേശിക ഭരണകൂടം അറിയിക്കുകയായിരുന്നു. നേരത്തേ പ്രഖ്യാപിച്ച അഞ്ച് സ്ഥലങ്ങളിൽനിന്ന് ആറ് സ്ഥലങ്ങളിലേക്കാണ് കർഫ്യൂ വ്യാപിപ്പിച്ചത്. കർഫ്യൂ മേഖലകളിൽ പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, ധർണകൾ എന്നിവക്ക് പൂർണ വിലക്കുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി ബലേന്ദ്ര ഷാ ദുഃഖം രേഖപ്പെടുത്തി. അക്രമത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് അറിയിച്ചു. സുരക്ഷാസേനയുടെ വെടിവെപ്പിൽ ഒരാൾക്ക് ജീവൻ നഷ്ടമായത് അതീവ ഗൗരവമുള്ള വിഷയമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ജനങ്ങളോട് സമാധാനം പാലിക്കാനും പ്രകോപനങ്ങളിലും പ്രതികാര നടപടികളിലും ഏർപ്പെടാതിരിക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചു. സാമൂഹിക ഐക്യവും പരസ്പര വിശ്വാസവും സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന സൻസാരി ജില്ല, ഇന്ത്യ നേപ്പാൾ അതിർത്തിയിലെ പ്രധാന വ്യാപാര ഗതാഗത ഇടനാഴികളിലൊന്നാണ്. 

Tags:    
News Summary - ഇന്ത്യൻ അതിർത്തിയോട് ചേർന്ന നേപ്പാൾ മേഖലകളിൽ അനിശ്ചിതകാല കർഫ്യൂ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.