ചൈനയുടെ തിബത്ത് മേഖലയിലെ ഗ്യിറോങ്ങിൽ പ്രളയത്തെ തുടർന്ന് രൂപപ്പെട്ട ‘അവശിഷ്ട തടാകം’. ഇതിന്റെ അതിരുകൾ തകർന്ന് താഴ്വരയിലേക്ക് വെള്ളവും ചളിയും കുത്തിയൊലിച്ച് വീണ്ടുമൊരു ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചൈന പുറത്തുവിട്ട ആകാശദൃശ്യമാണിത്.
കാഠ്മണ്ഡു: ദുരന്തഭൂമിയായ നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ആശങ്കയേറുന്നു. തിബത്തുമായുള്ള അതിർത്തിയിൽ ഹിമപാതങ്ങളാലുണ്ടായ തടാകത്തിലെ ജലനിരപ്പ് വർധിച്ചതിനാലാണ് രണ്ടാം വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചത്.
അതിനിടെ, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 579 കവിഞ്ഞു. തിരച്ചിലടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ മൂന്നാം ദിവസവും തുടരുകയാണ്. ഏകദേശം 1000 പേരെയാണ് കാണാതായത്. ആദ്യം വെള്ളപ്പൊക്കമുണ്ടായ സ്ഥലത്ത് ചളി കലർന്ന ജലനിരപ്പ് ഉയർന്നത് മറ്റൊരു പ്രളയത്തിന് സാധ്യതയേറ്റുന്നതായി ദേശീയ ദുരന്ത നിവാരണ, മാനേജ്മെന്റ് അതോറിറ്റി പറഞ്ഞു. വീണ്ടും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഇന്നുമുതൽ തിരച്ചിൽ നിർത്തിവെക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു.
ഹിമപാതത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ നദിയുടെ സംഗമസ്ഥാനത്ത് അടിഞ്ഞുകൂടുകയും ‘താൽക്കാലിക അണക്കെട്ട്’ സൃഷ്ടിക്കുകയും ചെയ്യും. ഈ അണക്കെട്ടുകൾ പൊട്ടിയാൽ നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കാഠ്മണ്ഡുവിനടുത്തുള്ള ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റിലെ സ്പെഷലിസ്റ്റ് മുഹമ്മദ് ഫാറൂഖ് അസം പറഞ്ഞു.
രക്ഷാപ്രവർത്തകരോടും ഭോട്ടെകോഷി, ത്രിശൂലി പ്രദേശങ്ങളിൽ താമസിക്കുന്നവരോടും അതിജാഗ്രത പാലിക്കാനും അപകടസാധ്യത നേരിടുകയാണെങ്കിൽ ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും അധികൃതർ അഭ്യർഥിച്ചു. തിബത്തൻ ഭാഗത്തുള്ള അണക്കെട്ട് വീണ്ടും പൊട്ടിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നേപ്പാൾ പൊലീസും ജാഗ്രതാ നിർദേശം നൽകി. എട്ട് ജില്ലകളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. തിബത്തിൽ മൂന്നുപേർ മരിച്ചു.
അതേസമയം, കൈലാസ് മാനസരോവർ യാത്രികരായ 19 മലയാളികളുൾപ്പെടെ 23 അംഗ ഇന്ത്യൻ സംഘം 31ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ഇവര് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. മറ്റ് മലയാളികളിൽ ചിലർ നേപ്പാളിൽ നിന്ന് പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.