സരേജാവോ: രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ നരഹത്യയായ ബോസ്നിയൻ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മുൻ ബോസ്നിയൻ^സെർബ് കമാൻഡർ റാട്കോ മ്ലാദിച്ച് (84) തടവറയിലിക്കെ മരണപ്പെട്ടു. ‘ബോസ്നിയയുടെ കശാപ്പുകാരൻ’ എന്നറിയപ്പെട്ടിരുന്ന മ്ലാദിച്ച്, യൂഗോസ്ലാവിയയുടെ തകർച്ചയെത്തുടർന്നുള്ള യുദ്ധങ്ങളിൽ ഏറ്റവും കുപ്രസിദ്ധി നേടിയ മുൻനിര സൈനിക കമാൻഡർമാരിൽ ഒരാളായിരുന്നു.
ശാരീരികാവസ്ഥ അതീവ ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഈ വർഷത്തിന്റെ തുടക്കത്തിൽ സെർബിയ അദ്ദേഹത്തിന് ജയിലിന് പുറത്ത് ചികിത്സ നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തടവറയിൽ അദ്ദേഹത്തിന് മതിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടായിരുന്നു എന്ന് യു.എൻ ഇന്റർനാഷണൽ റെസിഡ്യുവൽ മെക്കാനിസം ഫോർ ക്രിമിനൽ ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
യൂഗോസ്ലാവിയയുടെ തകർച്ചയെത്തുടർന്ന് 1992-1995 കാലഘട്ടത്തിൽ ബോസ്നിയ ഹെർഗോസെവിനയിൽ നടന്ന യുദ്ധത്തിൽ വംശഹത്യ, മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവ തെളിഞ്ഞതിനെ തുടർന്നാണ് അന്താരാഷ്ട്ര കോടതി മ്ലാദിച്ചിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 1992 മുതൽ 1996 വരെ ബോസ്നിയൻ-സെർബ് സേനയിലെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം, യു.എൻ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന സ്രെബ്രെനിക്ക 1995 ൽ പിടിച്ചെടുത്തു. തുടർന്ന് അവിടെയുണ്ടായിരുന്ന 8000ത്തോളം ബോസ്നിയാക് ( ബോസ്നിയൻ മുസ്‍ലിം) പുരുഷന്മാരെയും ആൺകുട്ടികളെയും കൊന്നൊടുക്കുകയും, സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു.
കൂടാതെ ബോസ്നിയൻ ജയിലുകളിൽ തടവുകാരെ പട്ടിണിക്കിടുകയും മർദിക്കുകയും ചെയ്തു, വീടുകളും പള്ളികളും ചുട്ടെരിച്ചു, സരജേവോ നഗരം 44 മാസത്തോളം വളഞ്ഞ് ഭീകരപ്രവർത്തനങ്ങൾ നടത്തി, യു.എൻ സമാധാന സേനാംഗങ്ങളെ ബന്ദികളാക്കി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളും അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടിരുന്നു. ഈ യുദ്ധങ്ങളിൽ ലക്ഷത്തിൽപരം ആളുകളുടെ ജീവനാണ് പൊലിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ട ഇദ്ദേഹം 1995ൽ യുദ്ധം അവസാനിച്ചശേഷം ഒളിവിൽ പോവുകയും, 16 വർഷങ്ങൾക്ക് ശേഷം 2011ൽ സെർബിയയിൽവെച്ച് അറസ്റ്റിലാവുകയും ചെയ്തു. ബോസ്നിയൻ യുദ്ധക്കുറ്റങ്ങൾക്ക് സെർബ് നേതാവ് റദോവൻ കരാജിച്ചിന് 40 വർഷത്തെ തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ട്.
മ്ലാദിച്ചിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് വിധി വന്നു കഴിഞ്ഞിട്ടും സെർബിയയിലും ബോസ്നിയയിലുമുള്ള ചില തീവ്ര വിഭാഗങ്ങൾക്കിടയിൽ മ്ലാദിച്ച് ഇപ്പോഴും ഒരു ഹീറോയായി ചിത്രീകരിക്കപ്പെടുന്നുണ്ട്. വംശഹത്യകളെയും യുദ്ധക്കുറ്റവാളികളെയും നിഷേധിക്കുന്നതും മഹത്വവൽക്കരിക്കുന്നതുമായ പ്രവണതകൾ ഇന്നും ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതേസമയം ഇരകളുടെ ഓർമ്മകൾ നിലനിർത്താനും വംശഹത്യകളെക്കുറിച്ച് ബോധവൽക്കരണം നടത്താനുമായി യു.എൻ ജനറൽ അസംബ്ലി എല്ലാ വർഷവും ജൂലൈ 11 ന് സ്രെബ്രെനിക്ക വംശഹത്യയുടെ സ്മരണാദിനമായി ആചരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.