പാൻക്രിയാറ്റിക് ക്യാൻസറിനുള്ള പുതിയ 'ഡാറാക്സോൺറാസിബ്' (daraxonrasib) മരുന്നിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകി. റേസോൺക് (Rasonque) എന്ന ബ്രാൻഡ് നാമത്തിലാണ് മരുന്ന് വിപണനം ചെയ്യപ്പെടുന്നത്. പല പാൻക്രിയാറ്റിക് ക്യാൻസറുകളുടെയും വളർച്ചയ്ക്ക് കാരണമാകുന്ന ആർ.എ.എസ് (RAS) പ്രോട്ടീൻ കുടുംബത്തെ ലക്ഷ്യമിടാൻ കഴിയുമെന്നതാണ് മരുന്നിന്റെ പ്രത്യേകത. വായിലൂടെ ദിവസേന ഒരിക്കൽ മാത്രം കഴിക്കേണ്ട മരുന്നാണിത്. ഇത് കീമോതെറാപ്പിയെക്കാൾ ഇരട്ടി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പാൻക്രിയാറ്റിക് ക്യാൻസർ ചികിത്സയിലെ ഏറ്റവും വലിയ മുന്നേറ്റം എന്നാണ് ഈ മരുന്നിനെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് പിന്നിലെ പ്രധാന ഗവേഷകരിൽ ഒരാളായ ഡോ. ശുഭം പന്ത് വിശേഷിപ്പിച്ചത്.
കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന 'ആർ.എ.എസ്' (RAS) എന്നൊരുതരം പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിലുണ്ട്. ഇവ സെല്ലുലാർ സ്വിച്ചുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ജനിതകമാറ്റങ്ങൾ കാരണം ഈ പ്രോട്ടീനുകൾ എപ്പോഴും 'ഓൺ' ആയിരിക്കുമ്പോൾ, അവ ക്യാൻസർ കോശങ്ങൾ അനന്തമായി വളരാനും ശരീരത്തിൽ പടരാനും ആവശ്യമായ സിഗ്നലുകൾ തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കും.പാൻക്രിയാറ്റിക് ട്യൂമറുകളിൽ 90 ശതമാനത്തിലധികം വരുന്നവയിലും ഇത്തരം തകരാറുള്ള ആർ.എ.എസ് പ്രോട്ടീനുകളാണ് കാണപ്പെടുന്നത്. ഈ പ്രോട്ടീനുകളെ നേരിട്ട് തടയുന്നതാണ് നിലവിൽ വികസിപ്പിച്ചെടുത്ത മരുന്ന്.
പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച 500 മുതിർന്നവരാണ് ഓപ്പൺ-ലേബൽ പരീക്ഷണത്തിൽ പങ്കെടുത്തത്. കീമോതെറാപ്പിയേക്കാൾ ഗുണം ചെയ്യുകയും പാർശ്വഫലങ്ങൾ കുറയുകയും ചെയ്യും. തിണർപ്പ്, അതിസാരം, ഓക്കാനം, വായ്ക്കകത്തോ ശ്ലേഷ്മ സ്തരങ്ങളിലോ ഉണ്ടാകുന്ന വീക്കം, ഛർദ്ദി, ക്ഷീണം എന്നിവയാണ് ഈ മരുന്ന് കഴിച്ചവരിൽ കണ്ടെത്തിയ പാർശ്വഫലങ്ങൾ. അതിനാൽ ഈ മരുന്ന് സ്വീകരിക്കുമ്പോൾ രോഗികൾക്ക് ഇപ്പോഴും കൃത്യമായ വൈദ്യശാസ്ത്രപരമായ നിരീക്ഷണം ആവശ്യമാണ്.
യു.എസ് എഫ്.ഡി.എ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ മരുന്ന് ലഭ്യമാകണമെങ്കിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) അനുമതി ലഭിക്കണം.
പാൻക്രിയാറ്റിക് ക്യാൻസർ ലോകത്തിലെ ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നായി തുടരുന്നതിനാൽ ഈ വികസനം വളരെ പ്രധാനപ്പെട്ടതാണ്. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ കണക്കനുസരിച്ച്, 2022-ൽ ലോകമെമ്പാടും 510,000-ത്തിലധികം ആളുകൾക്ക് പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, 467,000-ത്തോളം പേർ രോഗബാധമൂലം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.