യാഗോൺ: മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയുടെ തടവുശിക്ഷയിൽ ഇളവ്. പട്ടാള കോടതി പല ഘട്ടങ്ങളിലായി വിധിച്ച 33 വർഷത്തെ തടവുശിക്ഷയിലാണ് ആറ് വർഷത്തെ ഇളവ് ഭരണകൂടം നൽകിയത്. മതപരമായ അവധി ദിനത്തോട് അനുബന്ധിച്ചാണ് ശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇളവ് കുറച്ചാൽ തന്നെ സൂചിക്ക് ബാക്കിയുള്ളത് 27 വർഷത്തെ തടവുശിക്ഷയാണ്.
2022 ഒക്ടോബറിലാണ് സൂചിയുടെ തടവുശിക്ഷ 25 വർഷത്തേക്ക് ദീർഘിപ്പിച്ച് പട്ടാള കോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ഡിസംബറിൽ അഴിമതി കേസിൽ സൂചിക്ക് ഏഴ് വർഷം കൂടി കോടതി ശിക്ഷ വിധിച്ചു.
2021 ഫെബ്രുവരിയിൽ സൂചിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. അന്ന് മുതൽ 78കാരിയായ സൂചി നായ്പായ് താവിലെ വീട്ടുതടങ്കലിലാണ്.
കോവിഡ് സുരക്ഷാ ലംഘനം, വാക്കിടോക്കി ഇറക്കുമതി, പൊതുസുരക്ഷ നിയമലംഘനം, രഹസ്യ നിയമ ലംഘനം, തെരഞ്ഞെടുപ്പ് ക്രമക്കേട്, രാജ്യദ്രോഹം, അഴിമതി, കൈക്കൂലി അടക്കം പട്ടാള ഭരണകൂടം ചുമത്തിയ കേസുകളിലാണ് സൂചിക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചത്.
അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും 2023ലെ തെരഞ്ഞെടുപ്പിൽ നിന്ന് സൂചിയെ തടയുകയാണ് ലക്ഷ്യമെന്നും അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. സൂചിയെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി പട്ടാള ഭരണകൂടത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.