നായ്പിഡാവ്: തെരുവിലിറങ്ങിയ പ്രക്ഷോഭകരെ കൂട്ടമായി വെടിവെച്ചുവീഴ്ത്തി മ്യാൻമർ സൈന്യം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ മരവിപ്പിച്ച് ഓങ് സാൻ സൂചി ഉൾപെടെ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് നഗരങ്ങളിലുടനീളം പ്രതിഷേധിച്ച നാട്ടുകാർക്കു നേരെ ബുധനാഴ്ച നടന്ന വെടിവെപ്പാണ് ചോരച്ചാലായി മാറിയത്. 38 പേർ വിവിധ പട്ടണങ്ങളിൽ സൈനിക വെടിവെപ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഫെബ്രുവരി ഒന്നിനാണ് രാജ്യം ഇടവേളക്കു ശേഷം വീണ്ടും പട്ടാള അട്ടിമറിക്കു സാക്ഷിയായത്. സർക്കാറിനെ പുറത്താക്കിയതിൽ പ്രതിഷേധവുമായി ഇറങ്ങിയവർക്കു നേരെ നടപടികൾ നേരത്തെയുമുണ്ടായിരുന്നുവെങ്കിലും ബുധനാഴ്ച കൂട്ട വെടിവെപ്പ് നടത്തി അടിച്ചമർത്താൻ ശ്രമം നടത്തുകയായിരുന്നു. 19കാരി ഉൾപെടെ കൊല്ലപ്പെട്ട സംഭവം രാജ്യത്ത് പ്രക്ഷോഭം ശക്തി പ്രാപിക്കാൻ ഇടയാക്കുമെന്നാണ് സൂചന.
മ്യാന്മറിലെ സൈനിക ഇടപെടലിനെതിരെ ലോക രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ഒരു വർഷത്തേക്ക് പട്ടാള ഭരണം തുടരുമെന്ന നിലപാടിൽ മാറ്റം വരുത്താൻ ഒരുക്കമല്ലെന്ന് സൈന്യം പറയുന്നു.
കീഴടങ്ങാൻ ഒരുക്കമല്ലാത്ത പ്രക്ഷോഭകർ പ്രധാന പട്ടണങ്ങളായ യാംഗോൺ, മന്ദാലയ എന്നിവിടങ്ങളിലും മറ്റു ചെറിയ നഗരങ്ങളിലുംവീണ്ടും സമരം സജീവമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.