എന്റെ കുഞ്ഞിന് വിശക്കുന്നു; ലോകത്തോട് പറയുന്നു ഈ അമ്മമാർ

മൊഗാദിഷു: ഒമ്പതു മാസം വളർച്ചയെത്തിയ കുഞ്ഞിനെ വയറ്റിൽ ചുമന്ന് അയിഷ ഹുസൈൻ എന്ന 16കാരി സോമാലിയയിലെ ജുബലാൻഡി കിസ്മായോ ആശുപത്രിയിലേക്ക് വാഹനം കയറി. നാലു മണിക്കൂർ യാത്രചെയ്താണ് 100 കിലോമീറ്റർ അകലെയുള്ള കിസ്മായോ ആശുപത്രിയിലെത്തിയത്. ഗർഭകാലത്ത് ആദ്യമായാണ് അവർ ഡോക്ടറെ കാണുന്നത്. വാഹനത്തിന് പണമില്ലാത്തതിനാൽ സോമാലിയയിൽ വലിയൊരു വിഭാഗം ഗർഭിണികൾ ഗർഭകാല പരിശോധനക്ക് ആശുപത്രിയിൽ പോകാറില്ല.

കുഞ്ഞുങ്ങൾക്ക് വിശപ്പടക്കാൻ വഴിയില്ലാത്ത അവസ്ഥയിൽ ഡോക്ടറെ കാണുന്നതെല്ലാം ആഡംബരമാണ്. 'ദിവസങ്ങളോളം പട്ടിണിയായതിനാൽ ഞാൻ അവശയാണ്. എന്റെ കുഞ്ഞിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയുണ്ട്' -അയിഷ ഹുസൈൻ പറഞ്ഞു. പ്രസവിച്ചുകഴിഞ്ഞാലും കുഞ്ഞുങ്ങൾക്ക് പോഷകാഹാരം നൽകാൻ സാധിക്കാത്ത ദയനീയാവസ്ഥയാണ് രാജ്യത്ത്. 40 വർഷത്തെ ഏറ്റവും മോശമായ വരൾച്ചയാണ് സോമാലിയ നേരിടുന്നത്. ഭക്ഷണം ഇല്ലാത്തത് ശീലമായ ജനത്തിന് കുടിവെള്ളംകൂടി മുട്ടുന്ന അവസ്ഥ.

ദരിദ്ര രാജ്യമായ ഇവിടെ സ്ഥിതി ദയനീയമായി. തുടർച്ചയായി മൂന്ന് സീസണിൽ മഴ ഒഴിഞ്ഞുനിന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. വിളകളെല്ലാം കരിഞ്ഞുണങ്ങി. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് അനുസരിച്ച് സോമാലിയൻ ജനതയുടെ പകുതിയും (ഏകദേശം 76 ലക്ഷം) അടിയന്തര സഹായം ആവശ്യമുള്ളവരാണ്. പ്രസവാനുബന്ധ മരണം ലോകത്ത് ഏറ്റവും കൂടുതലുള്ളത് സോമാലിയയിലാണ്. ലക്ഷത്തിൽ 692 ആണ് മരണനിരക്ക്. മിക്കവർക്കും പരിചരണവും ചികിത്സയും ലഭിക്കുന്നില്ല. മുലയൂട്ടാൻ പോലും കഴിയാത്തവരായി ഇവിടുത്തെ അമ്മമാർ മാറുന്നത് പോഷകാഹാരക്കുറവ് കാരണമാണ്.

രണ്ടര ലക്ഷത്തോളം ഗർഭിണികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. 80000 പേർ മൂന്നു മാസത്തിനകം പ്രസവിക്കാനുള്ളവരാണ്. പ്രതിദിനം ശരാശരി 900 പ്രസവം നടക്കുന്നു. 15 ശതമാനത്തിലും സങ്കീർണതകൾ ഉണ്ടാകുന്നു. ആരോഗ്യ സംവിധാനം ഇത് കൈകാര്യം ചെയ്യാൻ പര്യാപ്തല്ല. കന്നുകാലികൾ ചത്തൊടുങ്ങുന്നത് പതിവ് കാഴ്ചയായി. മൂന്നു വർഷം മുമ്പ് സോമാലിയയെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിന് കുവൈത്തിൽ സോമാലിയ ഐക്യദാർഢ്യ ഉച്ചകോടി ആസൂത്രണം ചെയ്തിരുന്നതാണ്. കോവിഡ് എല്ലാം തകിടം മറിച്ചു. ലോക സമൂഹത്തിന്റെ അടിയന്തര ശ്രദ്ധയുണ്ടായില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.

Tags:    
News Summary - My baby is hungry; These mothers tell the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.