വാഷിങ്ടൺ: അമേരിക്കൻ ദിനപത്രമായ ദി ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി തന്നെക്കുറിച്ച് "‘നുണ പ്രചാരണം’" നടത്തിയതിനാണ് കേസ് നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി. റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റ് പാർട്ടിയുടെ വെർച്വൽ മുഖപത്രം എന്നാണ് ദി ന്യൂയോർക്ക് ടൈംസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നു. അത് റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റ് പാർട്ടിയുടെ ഒരു വെർച്വൽ മുഖ്യപത്രമായി മാറിയിരിക്കുന്നു -ട്രംപ് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന കമല ഹാരിസിനെ പത്രം അംഗീകരിച്ചു. ഇത് ദിനപത്രത്തിന്റെ ഒന്നാം പേജിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ നിയമവിരുദ്ധ പ്രചാരണമായിരുന്നു അത്. തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും ബിസിനസിനെക്കുറിച്ചും, അമേരിക്ക ഫസ്റ്റ് - മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ പ്രസ്ഥാനങ്ങളെക്കുറിച്ചും വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഇത് നിയമവിരുദ്ധവുമാണ്. ന്യൂയോർക്ക് ടൈംസിന് വളരെക്കാലമായി എന്നെ സ്വതന്ത്രമായി കള്ളം പറയാനും അപകീർത്തിപ്പെടുത്താനും സാധിച്ചു. ഇത് ഇനി നടക്കില്ല. ഫ്ലോറിഡയിലാണ് കേസ് ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ബി.സി ന്യൂസ്, സി.ബി.എസ് എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ മാധ്യമങ്ങള്‍ക്കെതിരെയും സമാനമായ നിരവധി കേസുകൾ ട്രംപ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ പിന്നീട് ട്രംപുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തുകയായിരുന്നു. സ്ഥാപിക്കാനിരിക്കുന്ന ട്രംപ് ലൈബ്രറിക്ക് 15 മില്യൺ ഡോളർ സംഭാവന നൽകുന്നതിന് പകരമായാണ് എ.ബി.സിയുമായുള്ള കേസ് ട്രംപ് ഒത്തുതീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.