2014ൽ ക്രൈമിയ കീഴടക്കി റഷ്യ, ഇന്നുവരെ കൊല്ലപ്പെട്ടത് 14,000ലേറെ പേർ; യുക്രെയ്നിൽ ലോകം മറ്റൊരു യുദ്ധമുഖത്ത്

യുക്രെയ്ന്‍റെ ഭാഗമായിരുന്ന ക്രൈമിയയെ 2014ൽ വിമതരുടെ പിന്തുണയോടെ റഷ്യ പിടിച്ചെടുത്തതാണ്. അന്നുമുതൽ ഇന്നുവരെ റഷ്യയുടെ സഹായമുള്ള വിമതരും യുക്രെയ്ൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത് 14,000ലേറെ പേരാണ്. എട്ട് വർഷത്തിനിപ്പുറം യുക്രെയ്നിലേക്ക് വീണ്ടും റഷ്യ അധിനിവേശം പ്രഖ്യാപിക്കുമ്പോൾ മറ്റൊരു യുദ്ധമുഖത്താണ് ലോകം. യു.എസിന്‍റെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങൾ യുക്രെയ്നൊപ്പം അണിനിരക്കുമ്പോൾ റഷ്യൻ അധിനിവേശം മറ്റൊരു ലോകമഹായുദ്ധത്തിന് വഴിതുറക്കുമോയെന്ന ഭീതിയാണുയരുന്നത്.

2014 ഫെബ്രുവരിയിലാണ് യുക്രെയ്ന്‍റെ ഭാഗമായ ക്രൈമിയയെ റഷ്യ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർത്തത്. റഷ്യയെ അനുകൂലിക്കുന്ന സായുധരായ വിമതരുടെ പിന്തുണയോടെയായിരുന്നു റഷ്യൻ മുന്നേറ്റം. റഷ്യൻ വംശജരായ യുക്രെയ്നികളെ സംരക്ഷിക്കാനായുള്ള നീക്കമായാണ് പിടിച്ചടക്കൽ എന്നായിരുന്നു റഷ്യൻ നിലപാട്. 2014 മാർച്ച് 18ന് ക്രൈമിയയെ റഷ്യയുടെ ഭാഗമാക്കിമാറ്റുന്നതു സംബന്ധിച്ച കരാറിൽ റഷ്യൻപ്രസിഡന്റ് വ്ലാദിമിർ പുടിനും ക്രിമിയ പാർലമെന്റ് സ്പീക്കർ വ്ലാദിമിർ കൊൺസ്റ്റാറ്റിനോവും ഒപ്പിട്ടു.



(ക്രൈമിയ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള ഉടമ്പടിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഒപ്പിടുന്നു)

 

റഷ്യയുടെ നടപടിയിൽ പ്രതിഷേധിച്ച് ജി-എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് റഷ്യ പുറത്താക്കപ്പെട്ടു. ക്രൈമിയയിൽ ഭൂരിപക്ഷം റഷ്യൻ ഭാഷ സംസാരിക്കുന്നവരാണെന്നും യുക്രെയ്‌ന്റെ ഭാഗമായിരിക്കെത്തന്നെ ക്രൈമിയക്ക് സ്വയംഭരണാവകാശം ഉണ്ടായിരുന്നെന്നുമാണ് റഷ്യൻ ന്യായം. റഷ്യൻ അനുകൂലിയായ യുക്രെയ്ൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ പുറന്തള്ളി പ്രതിപക്ഷം യുക്രെയ്‌ന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് റഷ്യയും യുക്രെയ്‌നും തമ്മിൽ പിണങ്ങിയത്.

പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രെയ്നെ 1991ന് ശേഷവും വരുതിയിൽ നിറുത്താനാണ് റഷ്യ ശ്രമിച്ചിരുന്നത്. യുക്രെയ്ൻ യൂറോപ്യൻ യൂണിയനോടും യു.എസ് നേതൃത്വം നൽകുന്ന സൈനികസഖ്യമായ നാറ്റോയോടും കൂടുതൽ അടുത്തത് റഷ്യയെ പിണക്കി. യു.എസും പാശ്ചാത്യ രാജ്യങ്ങളും യുക്രെയ്നെ റഷ്യക്കെതിരായ നീക്കത്തിൽ കളിപ്പാവയാക്കുകയാണെന്നാണ് പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ആരോപിച്ചത്. മേഖലയിൽ നാറ്റോ സഖ്യം സൈനികതാവളങ്ങളൊരുക്കുന്നത് റഷ്യക്ക് ഒരിക്കലും അനുവദിക്കാവുന്നതായിരുന്നില്ല.




പഴയ സോവിയറ്റ് യൂണിയനിലെ പ്രവിശ്യയായിരുന്ന യുക്രെയ്ൻ നാറ്റോയിൽ അംഗത്വം നേടിയാലുടൻ റഷ്യൻ സൈന്യം ആക്രമിക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. നാറ്റോയിൽ അംഗമായില്ലെങ്കിലും സഖ്യം യുക്രെയ്ന് എല്ലാവിധ സൈനിക സഹായങ്ങളും നൽകുക‍യും മറ്റ് യൂറോപ്യൻ അംഗരാജ്യങ്ങളിൽ സൈനിക സന്നാഹം നടത്തുകയും ചെയ്തു. യുക്രെയ്ൻ നാറ്റോയുടെ ഭാഗമാകില്ലെന്ന് പാശ്ചാത്യശക്തികൾ ഉറപ്പുനൽകണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. എന്നാൽ, ഇത് തള്ളിയെന്നു മാത്രമല്ല, നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും യുക്രെയ്ന് സർവപിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് റഷ്യ യുക്രെയ്നിലേക്ക് സൈനികനീക്കം പ്രഖ്യാപിച്ചത്. നേരത്തെ, സൈനികർ മടങ്ങുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നെങ്കിലും യുക്രെയ്നോ മറ്റ് രാജ്യങ്ങളോ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. സൈനിക് നീക്കത്തിന് തൊട്ടുമുമ്പായി, റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന വിമത മേഖലകളായ ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും ഡോൺബാസിലെ ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെയും സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുകയും ചെയ്തിരുന്നു. 

യു.എസും മറ്റ് നാറ്റോ സഖ്യരാജ്യങ്ങളും ഒരു വശത്തും റഷ്യയും പിന്തുണയുമായി ചൈനയും മറ്റ് ഏതാനും രാജ്യങ്ങളും മറുവശത്തും നിലയുറപ്പിക്കുമ്പോൾ ലോകമാകെ യുദ്ധഭീതി നിറയുകയാണ്. റഷ്യയുടെത് ന്യായീകരിക്കാനാവാത്ത ആക്രമണമാണെന്നും ഒത്തൊരുമിച്ചുള്ള പ്രതികരണമുണ്ടാകുമെന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കിക്കഴിഞ്ഞു. 

News Summary - More than 14,000 people were killed in Crimea in 2014; The world is on the brink of another war in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.