'മൊണാലിസ'ക്ക് മേൽ സൂപ്പൊഴിച്ച് പ്രതിഷേധം; ഫ്രാൻസിൽ കർഷക പ്രക്ഷോഭം തുടരുന്നു

പാരീസ്: ഫ്രഞ്ച്‌ സർക്കാറിന്‍റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രക്ഷോഭം തുടരവേ, പ്രശസ്തമായ 'മൊണാലിസ' ചിത്രത്തിന് മേൽ സൂപ്പൊഴിച്ച് പ്രതിഷേധം. രണ്ട് വനിത പ്രക്ഷോഭകരാണ് പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ 'മൊണാലിസ'യിൽ സൂപ്പൊഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സിന്‍റെ സുരക്ഷയുള്ളതിനാൽ ചിത്രത്തിന് കേടുപറ്റിയില്ല.

'എന്താണ് നിങ്ങൾക്ക് കൂടുതൽ പ്രധാനപ്പെട്ടത്? കലയാണോ ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശമാണോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കാർഷിക മേഖല തകരുകയാണെന്നും കർഷകർ കൃഷിയിടത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു. പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ ഉടൻ സ്ഥലത്തുനിന്ന് മാറ്റി. 'ഫുഡ് കൗണ്ടർഅറ്റാക്ക്' എന്ന പരിസ്ഥിതിസംഘടന പ്രതിഷേധത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.


ഫ്രഞ്ച്‌ സർക്കാറിന്‍റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ കർഷകർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. പലയിടത്തും റോഡ് ഉപരോധവും ട്രാക്ടർ റാലികളും നടക്കുകയാണ്. വെള്ളിയാഴ്ച തലസ്ഥാനമായ പാരീസിലേക്കുള്ള റോഡുകളെല്ലാം കർഷക പ്രക്ഷോഭകർ ഉപരോധിച്ചിരുന്നു.

കർഷകരെ സംരക്ഷിക്കുക എന്നതാണ് സമരക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇന്ധന ചെലവ് കുറക്കുക, വിദേശവിപണിയുടെ കടന്നുകയറ്റത്തിൽനിന്ന്‌ കർഷകരെ രക്ഷിക്കുക, സർക്കാർ ഓഫിസുകളിൽ കാലങ്ങളായി കുടുങ്ങിക്കിടക്കുന്ന കൃഷിസംബന്ധമായ ബില്ലുകൾ പാസാക്കുക, വിലക്കയറ്റത്തിൽനിന്നും വർധിക്കുന്ന പട്ടിണിയിൽനിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തുന്നു. കാർഷിക ആവശ്യങ്ങൾക്കുള്ള ഡീസലിനുള്ള സബ്‌സിഡി ക്രമേണ കുറയ്ക്കാനുള്ള പദ്ധതി പ്രതിഷേധത്തെതുടർന്ന്‌ ഫ്രഞ്ച്‌ സർക്കാർ വെള്ളിയാഴ്‌ച ഉപേക്ഷിച്ചിരുന്നു.

Tags:    
News Summary - Mona Lisa: Protesters throw soup at da Vinci painting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.