പൊരിവെയിലത്ത് കാറിനുള്ളില്‍ കുട്ടിയെ തനിച്ചാക്കി ഷോപ്പിങ്: അമ്മക്കെതിരെ കേസ്

ഫ്ലോറിഡ: അടച്ചിട്ട കാറിനുള്ളിൽ വിയർത്ത് കുളിച്ച് ശ്വാസം കിട്ടാതെ അലറിവിളിക്കുന്ന കുട്ടിയെ കണ്ടവരാണ് വിവരം പൊലീസിലറിയിച്ചത്. ആദ്യം കരുതിയത് കുട്ടിയെ ആരോ ഉപേക്ഷിച്ച് പോയതാണെന്നായിരുന്നു. എന്നാൽ പൊലീസെത്തി കാറിന്‍റെ ഗ്ലാസ്സ് തകർത്ത് കുട്ടിയെ പുറത്തെടുത്തപ്പോഴാണ് സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തറിഞ്ഞത്. കുട്ടിയെ പൊരിവെയിലത്ത് കാറിനുള്ളിൽ ഇരുത്തി അമ്മ ഷോപ്പിങിന് പോയതായിരുന്നു. പൊലീസ് പുറത്തെടുത്തപ്പോൾ കുട്ടി‍യുടെ ശരീരതാപനില 102 ഡിഗ്രി ഫാരൻഹീറ്റായിരുന്നു. 

സംഭവം അമേരിക്കയിലെ ഫ്ലോറിഡയിലാണ്. വെല്ലിംഗ്ടണിലെ ഷോപ്പിങ്ങ് മാളിന്‍റെ മുന്‍വശത്തുള്ള കാര്‍ പാര്‍ക്കിംഗിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പൊരിവെയിലത്ത് പാർക്കിങിൽ നിർത്തിയ കാറിൽ 2 വയസ്സുകാരനായ കുട്ടിയെ ഇരുത്തി ഷോപ്പിങിന് പോയതായിരുന്നു അമ്മ. സംഭവത്തിൽ കുട്ടിയുടെ അമ്മ തേമിറസ് മറിയയക്കെതിരെ ചൈൽഡ് നെഗ്ളക്റ്റ് ആക്റ്റ് പ്രകാരം കേസെടുത്തു. പാംബീച്ച് കൗണ്ടി ഫയര്‍ റസ്ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി.

കുട്ടികളെ കാറിലിരുത്തി മാതാപിതാക്കൾ പുറത്തുപോവുന്ന സംഭവം ആദ്യമല്ല. കിഡ്‌സ് ആന്‍റ് കാര്‍സ് ഓര്‍ഗിന്‍റെ കണക്കനുസരിച്ച് അമേരിക്കയില്‍ 1990 മുതല്‍ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റ് മരിച്ചത്. 

Tags:    
News Summary - Mom left 2-year-old in hot car while shopping at Florida mall, deputies say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.