അമേരിക്കൻ ആകാശത്ത് വൻ സേനാവിന്യാസം; 'ഡൂംസ്‌ഡേ' വിമാനങ്ങളും രംഗത്ത്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസാധ്യത കടുക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ ആകാശത്ത് വൻതോതിലുള്ള സൈനിക വിമാന വിന്യാസം നടന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നടന്ന ഈ അസാധാരണ പറക്കലുകൾ, ആണവയുദ്ധ സാഹചര്യം കൂടി മുന്നിൽക്കണ്ടുള്ള അമേരിക്കയുടെ വിപുലമായ തയ്യാറെടുപ്പുകളുടെ ഭാഗമാണെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. തങ്ങളുടെ ഒരുക്കം ലോകം മൊത്തം അറിയണമെന്ന് ആഗ്രഹിക്കുന്ന തരത്തിലാണ് അമേരിക്ക ഈ നീക്കങ്ങൾ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രണ്ടു ഘട്ടങ്ങളിലായാണ് റിഹേഴ്‌സൽ നടന്നത്. തിങ്കളാഴ്ച രാത്രി 9.50-ന് മധ്യ-കിഴക്കൻ അമേരിക്കയുടെ ആകാശത്ത് നടന്ന വിന്യാസമായിരുന്നു ഇതിന്റെ ആദ്യഘട്ടം. യുദ്ധദിനങ്ങളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള റിഹേഴ്‌സലായിരുന്നു ഇത്. ശത്രുവിന്റെ റഡാറുകളെപ്പറ്റിയുള്ള വിവരങ്ങൾ പകർത്തിയെടുക്കുന്ന കോമ്പാറ്റ് സെന്റ് വിമാനങ്ങൾ, വിമാനങ്ങളെ ട്രാക്ക് ചെയ്യുന്ന കമാൻഡ് സെന്ററായ ഇ2-സെൻട്രി അവാക്‌സ്, വൻ ബോംബുകൾ വഹിക്കുന്ന സ്ട്രാറ്റോഫോർട്രസ് (ബി-52എച്ച്) ബോംബർ വിമാനങ്ങൾ, ആകാശത്തുവെച്ച് ഇന്ധനം നിറച്ചു കൊടുക്കുന്ന സട്രാറ്റോടാങ്കറുകൾ, കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും നിരീക്ഷിക്കുന്ന പസൈഡനുകൾ എന്നിവയാണ് ഈ ഘട്ടത്തിൽ പങ്കെടുത്തത്. ശത്രുവിന്റെ അതിർത്തി ഭേദിച്ച് ഉള്ളിൽക്കയറി ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങുന്ന പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു.

തിങ്കളാഴ്ചത്തെ റിഹേഴ്‌സലിന്റെ തുടർച്ചയായി ചൊവ്വാഴ്ച രാവിലെ 7.50-ഓടെയാണ് രണ്ടാം ഘട്ട പരിശീലനം നടന്നത്. അമേരിക്കയുടെ വിശാലമായ ആകാശത്ത് പടിഞ്ഞാറും കിഴക്കും മധ്യത്തിലുമായി പറന്നു നിന്ന നാല് വിമാനങ്ങൾ അതീവ നിർണ്ണായകമായിരുന്നു. 'ഡൂംസ്‌ഡേ പ്ലെയിൻ' (Doomsday Plane- സർവവിനാശദിന വിമാനം) എന്ന് വിളിക്കപ്പെടുന്ന രണ്ട് ബോയിങ് ഇ-6ബി മെർക്കുറി വിമാനങ്ങളാണ് ഈ ഘട്ടത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഇതിനുപുറമെ ശത്രുസേനയുടെ ആശയവിനിമയം നിരീക്ഷിക്കുന്ന റിവെട്ട് ജോയിന്റ്, ബാലിസ്റ്റിക് മിസൈലുകളെ ട്രാക്ക് ചെയ്യുന്ന കോബ്രാ ബാൾ എന്നിവയും ആകാശത്തുണ്ടായിരുന്നു.

അതീവ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു വിമാന കോമ്പിനേഷനാണിതെന്ന് ജേക്കബ് കെ. ഫിലിപ്പ് നിരീക്ഷിക്കുന്നു. അമേരിക്കൻ പ്രസിഡന്റ്, ആണവായുധം വഹിക്കുന്ന മുങ്ങിക്കപ്പലുകൾ, ബോംബർ വിമാനങ്ങൾ, ഭൂഗർഭ കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കുന്ന കമാൻഡ് പോസ്റ്റാണ് ഡൂംസ്‌ഡേ വിമാനങ്ങൾ. ബാലിസ്റ്റിക് മിസൈൽ ട്രാക്കിംഗ് അടക്കമുള്ള സംവിധാനങ്ങൾ രംഗത്തിറങ്ങുന്നത് ആണവാക്രമണ-പ്രതിരോധ സാഹചര്യം രാജ്യം ഗൗരവമായി പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ്. തിങ്കളാഴ്ചത്തെ തയ്യാറെടുപ്പിന്റെ സമാപനമായാണ് ഇത്തരം വിമാനങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കുറിപ്പി​ന്റെ പൂർണരൂപം:

തിങ്കളാഴ്ച രാത്രി 9.50നും ചൊവ്വാഴ്ച രാവിലെ 7.50നും അമേരിക്കയുടെ ആകാശത്തു കണ്ട രണ്ടു സേനാ വിമാന വിന്യാസങ്ങളാണ് ഒപ്പമുള്ള പടങ്ങളിൽ.

പശ്ചിമേഷ്യാ യുദ്ധം പുനരാരംഭിക്കുന്നതിനുള്ള സാധ്യത അമേരിക്ക വളരെ ഗൗരവമായി കാണുന്നുവെന്നും അതിനായി, വിപുലമായ തയ്യാറെടുപ്പുകൾ -ആണവയുദ്ധ സാഹചര്യം പരിഗണിച്ചും-നടത്തുന്നുവെന്നും മാത്രമല്ല, ആ ഒരുക്കങ്ങൾ ലോകം മൊത്തം അറിയണം എന്ന് ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കുന്നതാണ് ഈ പറക്കലുകൾ.

ഇന്നലെ രാത്രി, മധ്യ-കിഴക്കൻ അമേരിക്കയിൽ പറന്നു നിന്നിരുന്ന വിമാനങ്ങൾ, യുദ്ധ ദിനങ്ങളുടെ അടിയന്തര റിഹേഴ്‌സലിന്റെയും തയ്യാറെടുപ്പിന്റെയും ഭാഗമായിരുന്നു എന്നു വേണം കരുതാൻ.

മുഖ്യ വിമാനങ്ങൾ ഇവയായിരുന്നു-

1. ബോയിങ് ആർസി-135യു കോമ്പാറ്റ് സെന്റ്

2. ബോയിങ് ഇ-3ബി സെൻട്രി

3. ബോയിങ് കെസി-135ആർ സട്രാറ്റോടാങ്കറുകൾ

4. ബോയിങ് ബി-52എച്ച് സ്ട്രാറ്റോഫോർട്രസ് (രണ്ടെണ്ണം)

5. ബോയിങ് പി-8 പസൈഡനുകൾ

യുദ്ധമേഖലയിൽ കൃത്യമായ ചുമതലകൾ നിർവഹിക്കുന്ന ഇവ ഓരോന്നും ഈ റിഹേഴ്‌സലിലും അതു തന്നെയാവും ചെയ്തിട്ടുണ്ടാവുക.

ശത്രുവിന്റെ റഡാറുകളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും പകർത്തിയെടുക്കുന്ന കോമ്പാറ്റ് സെന്റ് വിമാനവും വിമാനങ്ങൾ ട്രാക്കു ചെയ്യുന്ന ഇ2-സെൻട്രി അവാക്‌സ് എന്ന കമാൻഡ് സെന്ററും വൻ ബോംബുകൾ വഹിച്ച് ദീർഘദൂരം പറക്കുന്ന സ്ട്രാറ്റോഫോർട്രസ് എന്ന ബോംബർ വിമാനങ്ങളും ഈ വിമാനങ്ങൾക്കെല്ലാം ആകാശത്തുവച്ച് ഇന്ധനം നിറച്ചു കൊടുക്കുന്ന ടാങ്കർ വിമാനങ്ങളും മുങ്ങിക്കലുകളും യുദ്ധക്കപ്പലുകളും നിരീക്ഷിക്കുന്ന പസൈഡനുകളും, എതിർ പക്ഷത്തിന്റെ അതിർത്തിഭേദിച്ച് സുരക്ഷിതമായി ഉള്ളിൽ കയറുന്നതും ആക്രമണം നടത്തി മടങ്ങുന്നതും പരിശീലിക്കുകയായിരുന്നിരിക്കണം എന്ന അനുമാനം ശരിവയ്ക്കുന്നതായിരുന്നു ചൊവ്വാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ട അടുത്ത സെറ്റ് വിമാനങ്ങൾ.

ഇന്നു രാവിലെ അമേരിക്കയുടെ വിശാലമായ ആകാശാതിർത്തിക്കുള്ളിൽ പടിഞ്ഞാറും കിഴക്കും മധ്യത്തിലുമായി പറന്നു നിന്ന നാലു വിമാനങ്ങളും (രണ്ടാം പടം) ഈ തയ്യാറെടുക്കലിന്റെ കൃത്യം രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്ന തരത്തിലുള്ളവ തന്നെയാണ്.

1. ഡൂംസ്‌ഡേ പ്ലെയിൻ അഥവാ സർവവിനാശദിന വിമാനം എന്നു വിളിക്കാറുള്ള ബോയിങ് ഇ-6ബി മെർക്കുറി- രണ്ടെണ്ണം

2. ബോയിങ് ആർസി-135 റിവെട്ട് ജോയിന്റ്

3. ബോയിങ് ആർസി-135എസ് കോബ്രാ ബാൾ

വളരെ അപൂർവ്വമായി കാണപ്പെടുന്ന വിമാന കോമ്പിനേഷനാണ് ഇത്.

അമേരിക്കയുടെ നാഷനൽ കമാൻഡ് അതോറിട്ടിയും (പ്രസിഡന്റ്), ആണവായുധം വഹിക്കുന്ന മുങ്ങിക്കപ്പലുകളും ബോംബർ വിമാനങ്ങളും ഭൂഗർഭ കേന്ദ്രങ്ങളും തമ്മിലുള്ള സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കുന്നതിനുള്ള, കമാൻഡ് പോസ്റ്റായ ഡൂസ്‌ഡേ വിമാനവും, ശത്രുസേനയുടെ ഇലക്ട്രോണിക് ആശയവിനിമയം നിരീക്ഷിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന റിവെട്ട് ജോയിന്റും ബലിസ്റ്റിക് മിസൈൽ ട്രാക്കിങ് നടത്തുന്നതിനുള്ള കോബ്രാ ബാളും ആണവാക്രമണ-പ്രതിരോധ സാഹചര്യത്തിൽ രംഗത്തിറങ്ങുന്നവയാണ്. തിങ്കളാഴ്ച രാത്രി നടത്തിയ യുദ്ധ റിഹേഴ്‌സലിന്റെ സമാപന ഭാഗമാണ് ഇന്നത്തേത് എന്ന് പറയുന്നത് അതുകൊണ്ടാണ്.

Full View

Tags:    
News Summary - Massive military deployment in American skies; 'Doomsday' planes also on the scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.