ഗസ്സ: ലോകം നോക്കിനിൽക്കെ ഗസ്സയിൽ മരിച്ചുതീരുന്ന മനുഷ്യരെ മറമാടാൻ ഇടമില്ലാത്തതിനാൽ കൂട്ട ഖബറിടങ്ങൾ ഒരുക്കുന്നു. ഇടതടവില്ലാതെ മൃതദേഹങ്ങൾ എത്തി ഖബർസ്ഥാനുകൾ നിറഞ്ഞുകവിയുന്നതിനാൽ ഗസ്സയിൽ പലയിടങ്ങളിലും കൂട്ട ഖബറുകൾ ഒരുക്കിയാണ് ഖബറടക്കമെന്ന് ഫലസ്തീനിലെ വഫ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഒഴിഞ്ഞുപോകുന്നവർക്കു നേരെയും ബോംബിടുന്ന ഇസ്രായേൽ ക്രൂരതയിൽ ഗസ്സയിലെ മരണസംഖ്യ 2300 കവിഞ്ഞു. ഇതിൽ 725 കുട്ടികളെങ്കിലും ഉൾപ്പെടും. 8700ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കൻ ഗസ്സയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിലൂടെ 10 ലക്ഷം പേർ ജന്മനാട്ടിൽനിന്ന് പുറന്തള്ളപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികാര്യ വിഭാഗം അറിയിച്ചു. ഫലസ്തീനുമേൽ ബോംബുവർഷം തുടരുന്നതിനിടയിൽതന്നെ കര വഴിയുള്ള അധിനിവേശത്തിന് ഇസ്രായേൽ അവസാനവട്ട ഒരുക്കത്തിലാണ്. ഞായറാഴ്ച ഗസ്സ അതിർത്തി മതിലിനോടു ചേർന്ന് ടാങ്കുകൾ വിന്യസിച്ചുതുടങ്ങി. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും കരയാക്രമണം സംബന്ധിച്ച് ഇസ്രായേൽ ഒന്നും വിട്ടുപറയുന്നില്ല. കരയാക്രമണം തുടങ്ങുമെന്ന ഭീഷണിയിൽ ഞായറാഴ്ചയും വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് പലായനം തുടരുകയാണ്. ഖാൻ യൂനുസിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഇവിടെയുള്ള യു.എൻ ക്യാമ്പിൽ 20,000 പേരാണുള്ളത്. 70 ശതമാനം ഗസ്സ നിവാസികൾക്കും ഇപ്പോൾ ആരോഗ്യസേവനം കിട്ടുന്നില്ലെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്രായേൽ പദ്ധതികൾ നടപ്പാകുംവരെ മറ്റു രാഷ്ട്രങ്ങളുടെ ഇടപെടൽ ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയാണ് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ലക്ഷ്യമെന്ന് ആരോപണമുയർന്നു. ബ്ലിങ്കൻ ഇന്ന് വീണ്ടും ഇസ്രായേലിൽ എത്തും. അതേസമയം, സൗദി അറേബ്യയുമായും ഖത്തറുമായും നടത്തിയ ചർച്ചകൾ ഏറെ ഫലപ്രദമാണെന്ന് ബ്ലിങ്കൻ അവകാശപ്പെട്ടു. എന്നാൽ, നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന ഗസ്സയിലെ സൈനികനടപടി ഉടൻ അവസാനിപ്പിക്കണമെന്നാണ്, റിയാദിൽ ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടത്.
ഇസ്രായേലിന് പിന്തുണയുമായി യു.എസിന്റെ രണ്ടാം വിമാനവാഹിനിക്കപ്പൽ മെഡിറ്ററേനിയൻ തീരത്തെത്തി. യു.എസ്.എസ് ഡ്വിറ്റ് ഡി. ഐസനോവറാണ് പശ്ചിമേഷ്യൻ തീരത്തെത്തിയത്. ബ്ലിങ്കൻ ഗസ്സയിൽ വംശീയ ഉന്മൂലനത്തിന് സൗകര്യമൊരുക്കുകയാണെന്ന് മുതിർന്ന ഫലസ്തീൻ നയവിദഗ്ധൻ യാര ഹവാരി ആരോപിച്ചു. യുദ്ധക്കെടുതിയിൽനിന്ന് രക്ഷപ്പെടാൻ മാനുഷിക ഇടനാഴി എന്ന ബ്ലിങ്കന്റെ വാചകം യഥാർഥത്തിൽ ഗസ്സക്കാരെ ജന്മനാട്ടിൽനിന്ന് എന്നെന്നേക്കുമായി പുറന്തള്ളാനുള്ള പദ്ധതിയാണെന്ന് സംശയിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിൽ ഹമാസിനെ നാമാവശേഷമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.