ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല, രാജ്യത്തിന്റെ അന്തസ്സ് പണയപ്പെടുത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

തെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ക്ലോക്ക് ടിക്കിങ്' ഭീഷണിക്ക് കനത്ത മറുപടിയുമായി ഇറാൻ. ഇറാൻ ഒരു ശക്തിക്ക് മുന്നിലും തലകുനിക്കില്ലെന്നും ഇറാനിയൻ ഭരണകൂടത്തിനും ജനതക്കും ഇടയിൽ ഭിന്നതയുണ്ടാക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.

"ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല. ഒരു ശക്തിക്ക് മുന്നിലും ഞാൻ വഴങ്ങില്ല. ഭൗതിക സുഖങ്ങൾക്കോ സ്വന്തം താൽപര്യങ്ങൾക്കോ വേണ്ടി രാജ്യത്തിന്റെ അന്തസ്സ് പണയം വെക്കില്ല. എന്നാൽ വിവേകത്തോടെയും വിവേചനബുദ്ധിയോടെയും നമ്മൾ രാജ്യത്തെ മുന്നോട്ട് നയിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസും ഇസ്രായേലും ഇറാനെതിരെ വീണ്ടും ആക്രമണത്തിന് മുതിരുമെന്ന റിപ്പോർട്ടുകൾക്കിടയിലായിരുന്നു ട്രംപിന്റെ ഭീഷണി. അതേസമയം, ആഗോളതലത്തിൽ അതീവ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി ഇറാൻ പുതിയ റെഗുലേറ്ററി ബോഡിക്ക് രൂപം നൽകി.

യു.എസ് മുന്നോട്ടുവെച്ച സമാധാനക്കരാറിൽ ഇറാൻ എത്രയും വേഗം ഒപ്പുവെക്കണമെന്ന കടുത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം. "ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിവേഗം അവസാനിക്കുകയാണ്. അവർ എത്രയും പെട്ടെന്ന് ചർച്ചകൾക്ക് തയാറാകണം, ഇല്ലെങ്കിൽ അവശേഷിക്കാൻ ഒന്നും ഉണ്ടാകില്ല. സമയം വളരെ വിലപ്പെട്ടതാണ്," ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന് മുന്നോടിയായി ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഇതിനുപിന്നാലെ നെതന്യാഹു തന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അടിയന്തര യോഗം വിളിക്കുകയും ചെയ്തു.

അമേരിക്കൻ ഭീഷണികൾക്കിടയിലാണ് ഹുർമുസ് കടലിടുക്കിലെ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതിനായി 'പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി' എന്ന പേരിൽ പുതിയ സുരക്ഷാ-നിയന്ത്രണ സംവിധാനം ഇറാൻ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷ കൗൺസിൽ തങ്ങളുടെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പുതിയ സംവിധാനമായിരിക്കും ഇതെന്നാണ് ഇറാൻ നൽകുന്ന സൂചന.

Tags:    
News Summary - Masoud Pesheshkian: We will never bow our heads and will not sacrifice the dignity of the country to any power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.