പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണെ ഫോണിൽ വിളിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ. ഫോൺ സംഭാഷണത്തിനിടെ യുറോപ്യൻ യൂണിയനുമായുള്ള ആണവചർച്ചകൾ കൂടുതൽ ത്വരിതപ്പെടുത്താൻ ഇറാൻ സമ്മതിച്ചുവെന്നും മാക്രോൺ അറിയിച്ചു.
ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കരുതെന്നാണ് ആവശ്യപ്പെടാനുള്ളത്. സമാധാനപരമാണ് ഇറാന്റെ നീക്കങ്ങളെങ്കിൽ അതിന് ഫ്രാൻസ് എല്ലാ പിന്തുണയും നൽകുമെന്നും മാക്രോൺ പറഞ്ഞു. യുദ്ധം ഒഴിവാക്കാനും കൂടുതൽ സംഘർഷങ്ങൾ ഇല്ലാതാക്കാനും മാർഗമുണ്ടെന്ന് തനിക്ക് മനസിലായെന്നും മാക്രോൺ പറഞ്ഞു.
ഇറാന് ആണവായുധങ്ങൾ നിർമിക്കാൻ ഒരു പദ്ധതിയുമില്ലെന്ന് പെസഷ്‍കിയാൻ വീണ്ടും മാക്രോണിനെ നിലപാട് അറിയിച്ചു. ഗവേഷണത്തിനും ഊർജത്തിനും വേണ്ടിയാണ് യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവഗവേഷണ കേന്ദ്രങ്ങളല്ലാത്ത സ്ഥലങ്ങൾ ആക്രമിക്കുന്നതിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുമെന്നും മാക്രോൺ പറഞ്ഞു.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് മാക്രോണിന്റെ പരാമർശം. സംഘർഷം തീർക്കാൻ യുറോപ്യൻ രാജ്യങ്ങളുമായി സംസാരിക്കാൻ വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റിനെ ചുമതലപ്പെടുത്തി. എന്നാൽ, സംഘർഷം തീർക്കാൻ ഏത് തരത്തിലുള്ള ഇടപെടലാവും നടത്തുകയെന്ന് മാക്രോൺ വ്യക്തമാക്കിയില്ല.
ഇറാനിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. മേഖലയുടെ സുരക്ഷക്ക് യുദ്ധം അതിവേഗത്തിൽ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.