ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി, ചർച്ച തുടരാൻ തയ്യാറാണെന്ന് ഇറാൻ

വാഷിങ്ടൺ: ഇസ്രായേലും ലബനാനും വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടാൻ ധാരണ. യു.എസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചർച്ചയിലാണ് തീരുമാനം. വരും ആഴ്ചകളിൽ കൂടുതൽ കൂടിക്കാഴ്ചകൾ നടത്താനുള്ള കരാറിലാണ് ഇത്.ഇസ്രായേൽ- ലബനാൻ സമാധാന ചർച്ചകൾ കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായി വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് എക്‌സിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള  സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് സമയം നീട്ടാൻ തീരുമാനിച്ചത്.

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിന് മൂന്ന് ദിവസത്തിന് ശേഷം മാർച്ച് 2 നാണ് ഹിസ്ബുല്ല ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചത്. ഇതിന് ശേഷം  ഇസ്രായേൽ വ്യോമാക്രമണങ്ങൾ  ശക്തമാക്കിയതിന് ശേഷമുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ലബനാന്റെ തെക്കൻ പ്രദേശത്തേക്കുള്ള ഇസ്രായേലിന്റെ വ്യോമ, കരസേനാ ആക്രമണം കാരണം ഏകദേശം 1.2 ദശലക്ഷം ആളുകളാണ് പലായനം ചെയ്തത്.

ഇസ്രായേൽ സൈന്യം തെക്കൻ ലബനാൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആക്രമണം തുടർന്നു. വെള്ളിയാഴ്ച മൂന്ന് പാരാമെഡിക്കുകൾ ഉൾപ്പെടെ കുറഞ്ഞത് ഒരു ഡസൻ ആളുകൾ കൊല്ലപ്പെട്ടവെന്നാണ് റിപ്പോർട്ട്.

അതേസമയം യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ ചർച്ചകൾക്ക് തയ്യാറാണെന്ന് സൂചന ട്രംപ് ഭരണകൂടത്തിൽ നിന്ന് ലഭിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിൽ പറഞ്ഞു.

സമാധാന ചർച്ചകളിൽ യു.എസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. "അമേരിക്കക്കാർക്ക് നമ്മളെ വിശ്വസിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്, അതേസമയം ഇറാന് അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്," അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ യുദ്ധത്തിൽ ലക്ഷ്യവും നേടാനാകുമെന്ന പ്രതീക്ഷ നഷ്ടമായപ്പോഴാണ് യു.എസ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അരാഗ്ചി ആരോപിച്ചു. ശത്രുത നിലനിൽക്കുമ്പോഴും ഇറാനികൾ നയതന്ത്രത്തിന് അവസരം നൽകാൻ ആഗ്രഹിക്കുന്നതിനാലാണ് വെടിനിർത്തൽ നിലനിൽക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഒരു "സൈനിക പരിഹാരം" താൻ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'അവർ ഞങ്ങളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. ഞങ്ങൾ ഒരു സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങുന്നില്ല. ഏത് ഉപരോധത്തിനെതിരെയും ഞങ്ങൾ ചെറുക്കുന്നു. ഇറാനിയൻ ജനത ബഹുമാനത്തിന്റെ ഭാഷയിൽ മാത്രമേ മറുപടി നൽകുന്നുള്ളൂ' അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Lebanon, Israel extend truce; Tehran ready for more US talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.