നർജീസ്

'കരയരുത്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു' എന്നായിരുന്നു നർജീസിന്‍റെ അവസാന വാക്കുകൾ; ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയെ ഓർത്ത് കുടുംബം

ഡാഫോഡിൽ എന്നതിന്റെ അറബി പദമാണ് നർജീസ്. ദൈവം ഒരു പെൺകുഞ്ഞിനെ തന്നാൽ അവൾക്ക് നർജിസ് എന്ന് പേരിടുമെന്ന് റാണ ജാബിർ ഭർത്താവിനോട് പറയുമായിരുന്നു. ഇരട്ട ആൺകുട്ടികൾ ജനിച്ചതിനുശേഷം റാണ തന്‍റെ ഡാഫോഡിലിനായി കാത്തിരുന്നു. അങ്ങനെ 2020ലാണ് നർജിസ് ജനിക്കുന്നത്.

കുഞ്ഞു നർജീസിന് ഡോക്ടറാകാനായിരുന്നു ആഗ്രഹം. പ്രായത്തെ വെല്ലുന്ന ബുദ്ധിയായിരുന്നു നർജീസിനെന്ന് റാണ ഓർമിക്കുന്നു. താൻ കരയുമ്പോഴെല്ലാം മകൾ ആശ്വസിപ്പിക്കാൻ എത്തുന്നതിനെക്കുറിച്ചും റാണക്ക് പറയാനേറെയുണ്ട്. മാർച്ച് രണ്ടിന് ഇസ്രായേലി ബോംബുകളിൽനിന്ന് രക്ഷപ്പെട്ട് മക്കളെയും കാറിൽ കയറ്റി ഓടുമ്പോഴും നർജീസ് അവളെ ആശ്വസിപ്പിച്ചു. 'ഉമ്മാ, നിങ്ങൾ എന്റെ ജീവനാണ്. കരയരുത്, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു' എന്നായിരുന്നു നർജിസ് റാണയോട് പറഞ്ഞത്.

പക്ഷെ... നർജീസ് പറഞ്ഞ അവസാനത്തെ വാക്കുകളിൽ ഒന്നായിരുന്നു അത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം, തെക്കൻ ലെബനനിലെ മൈഫാദൂണിലുള്ള അവരുടെ കുടുംബ വീട്ടിൽ ഇസ്രായേൽ ബോംബ് വർഷിച്ചു. ആറ് വയസ്സുള്ള നർജീസും അവളുടെ അമ്മായിയും കൊല്ലപ്പെട്ടു. ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ആദ്യത്തെ കുട്ടികളിൽ ഒരാളായിരുന്നു നർജീസ്. അതിനുശേഷം, ലെബനനിൽ 120 കുട്ടികളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. ഇത് രാജ്യത്തെ ആകെ മരണങ്ങളുടെ ഏകദേശം 10 ശതമാനം ആണ്.

‘ഞാന്‍ അത് വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ജീവിതങ്ങള്‍ എങ്ങനെ തകര്‍ന്നു. അവള്‍ ഒരു പുഷ്പം പോലെയായിരുന്നു. എന്റെ ഹൃദയം തകരുന്നു. എന്റെ മകൾ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' - റാണ കരഞ്ഞുകൊണ്ട് പറഞ്ഞു. വ്യോമാക്രമണത്തിൽ റാണയും 10 വയസ്സുകാരായ അബ്ബാസും അലിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മകളുടെ പേര് പറയുമ്പോൾ തന്നെ റാണയുടെ ശബ്ദം ഇടറും. അബ്ബാസ് ഇപ്പോഴും കടയിൽ പോയി സഹോദരിക്ക് ചോക്ലേറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. നർജീസിന് ഇനി ചോക്ലേറ്റ് കഴിക്കാനാവില്ലെന്ന് ഉമ്മ ഓർമിപ്പിക്കുമ്പോൾ അവൻ കരയാൻ തുടങ്ങും. തന്റെ മക്കൾ ഇപ്പോൾ വലിയ ശബ്ദം കേട്ടാൽ പരിഭ്രാന്തരാകുകയും വിറക്കുകയും കരയുകയും ചെയ്യുമെന്നും യുദ്ധം അവസാനിച്ചാലുടൻ തന്നെ അവർക്ക് മാനസികാരോഗ്യ പരിചരണം തേടുമെന്നും റാണ പറഞ്ഞു.

പലയിടങ്ങളിലും മരിച്ച കുട്ടികളെ ഓർത്ത് ദുഃഖിക്കാൻ കുടുംബത്തിൽ ആരും അവശേഷിച്ചിട്ടില്ല. മാർച്ച് 14ന് നബതിയേയിലെ വീടിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ ബസ്മ കുടുംബത്തിലെ ആറ് അംഗങ്ങളും കൊല്ലപ്പെട്ടു. 'അവരൊരു ദരിദ്ര കുടുംബമായിരുന്നു. ഞാൻ അവരോട് ഓടിപ്പോകാൻ പറഞ്ഞു. പക്ഷേ അവരുടെ പക്കൽ പണമില്ലെന്ന് അവർ പറഞ്ഞു. അയൽപക്കത്ത് വ്യോമാക്രമണം നടന്നതായി കേട്ടയുടനെ ഞാൻ കുടുംബനാഥനെ വിളിച്ചു. പക്ഷേ അദ്ദേഹം ഫോണെടുത്തില്ല' -അയൽവാസിയും കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായ ഹുസൈൻ യൂസഫ് പറഞ്ഞു.

ലെബനനിലെ കുട്ടികൾ വെറും മൂന്ന് വർഷത്തിനുള്ളിൽ രണ്ട് യുദ്ധങ്ങളെയാണ് അഭിമുഖീകരിച്ചത്. തെക്കൻ ലെബനനെ ലക്ഷ്യം വെച്ചുള്ള ഇസ്രായേലി ബോംബാക്രമണം രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിച്ചു. ഇത് കുട്ടികളുടെ സുരക്ഷിതത്വബോധത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

Tags:    
News Summary - Lebanese family grieve daughter killed by Israeli bomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.