റഷ്യയിലുള്ള അമേരിക്കൻ പൗരൻമാൻ ഉടൻ തിരിച്ചു വരണം -യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ

വാഷിങ്ടൺ: അമേരിക്കൻ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത റഷ്യൻ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ. മാധ്യമങ്ങളെ ശിക്ഷിക്കാനുള്ള റഷ്യൻ ശ്രമത്തെ അ​ദ്ദേഹം അപലപിക്കുകയും ചെയ്തു.

റഷ്യയിൽ താമസിക്കുകയോ റഷ്യയിൽ യാത്ര ചെയ്യുകയോ ചെയ്യുന്ന അമേരിക്കൻ പൗരൻമാർ ഉടൻ റഷ്യയിൽ നിന്ന് തിരികെ പോരുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു.

യു.എസ്. പൗരനായ മാധ്യമ പ്രവർത്തകനെ തടവിലാക്കിയ റഷ്യൻ നടപടിയെ ആശങ്ക​യോടെയാണ് കാണുന്നതെന്ന് ബ്ലിൻകൻ പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകൻ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരപ്പണി ആരോപിച്ച് റഷ്യ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ചാണ് ബ്ലിൻകൻ പരാമർശിച്ചത്. മാധ്യമ പ്രവർത്തകന് യു.എസ് അഭിഭാഷക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകന്റെ കുടുംബവുമായും മാധ്യമവുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും റഷ്യയെ സമീപിച്ച് അഭിഭാഷക സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

റഷ്യൻ സർക്കാർ അമേരിക്കൻ പൗരൻമാരെ ലക്ഷ്യംവെക്കുന്നത് അംഗീകരിക്കാനാവില്ല. ഗെർഷ്കോവിച്ചിന്റെ അറസ്റ്റിൽ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. റഷ്യയിലേക്ക് യാത്ര അരുതെന്ന അമേരിക്കൻ സർക്കാറിന്റെ മുന്നറിയിപ്പ് പൗരൻമാർ ശ്രദ്ധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. റഷ്യയിൽ താമസിക്കുകയോ റഷ്യയിലൂടെ സഞ്ചരിക്കുകയോ ചെയ്യുന്ന അമേരിക്കൻ പൗരൻമാർ ഉടൻ തിരിച്ചു വരണം. -വൈറ്റ് ഹൗസ് ​പ്രസ് സെക്രട്ടറി കരെയ്ൻ ജീൻ പിയറി ​പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട​റെ ചാരപ്പണി ചുമത്തി റഷ്യ അറസ്റ്റ് ചെയ്തത്. ഫെഡറൽ സെക്യൂരിറ്റി വിഭാഗമാണ് യെകാറ്ററിൻബർഗ് പട്ടണത്തിൽനിന്ന് ഇവാൻ ഗെർഷ്കോവിച്ചിനെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരം ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്ന് റഷ്യ ആരോപിച്ചു. സോവ്യറ്റ് കാല രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെ.ജി.ബിയു​ടെ പിൻമുറക്കാരാണ് രഹസ്യാന്വേഷണ ചുമതലയുള്ള ഫെഡറൽ സെക്യൂരിറ്റി വിഭാഗം (എഫ്.എസ്.ബി).


എന്നാൽ, ചാരപ്പണി ആരോപണം വാൾ സ്ട്രീറ്റ് ജേണൽ നിഷേധിച്ചു. ഇവാനെ വിട്ടയക്കണമെന്നും അമേരിക്കൻ മാധ്യമം ആവശ്യപ്പെട്ടു. യു​ക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട് പടിഞ്ഞാറും റഷ്യയും ഇരുധ്രുവങ്ങളിൽ നിൽക്കെയാണ് മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി റഷ്യൻ നടപടി.

കസ്റ്റഡിയിലുള്ള ഇവാൻ ഗെർഷ്കോവിച്ചിനെ അന്വേഷണ വിധേയമായി ജയിലിലടക്കാൻ മോസ്കോ കോടതി ഉത്തരവിട്ടിട്ടുണ്ട്.

വാൾ സ്ട്രീറ്റ് ജേണൽ​ മോസ്കോ ബ്യൂറോയിൽ പ്രവർത്തിക്കുന്ന ഗെർഷ്കോവിച്ച് റഷ്യ, യുക്രെയ്ൻ, മറ്റു മുൻ സോവ്യറ്റ് രാജ്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന റിപ്പോർട്ടറാണ്. ചാരപ്പണി സ്ഥിരീകരിച്ചാൽ 20 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ഒരു വർഷം മുതൽ ഒന്നര വർഷം വരെയെടുത്താകും അന്വേഷണം പൂർത്തിയാകുക. ഈ സമയത്ത് പുറംലോകവുമായി ബന്ധപ്പെടാൻ അവസരം തീരെ കുറവാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകനാണ് ഗെർഷ്കോവിച്ച്. വാൾ സ്ട്രീറ്റ് ജേണലിനു പുറമെ എ.എഫ്.പി, ന്യൂയോർക് ടൈംസ് എന്നിവക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഉപരോധത്തെ തുടർന്ന് റഷ്യൻ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെ കുറിച്ചായിരുന്നു ഏറ്റവുമൊടുവിലെ റിപ്പോർട്ട്.

Tags:    
News Summary - 'Leave Russia immediately': US condemns arrest of WSJ journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.