കാല്‍ ലക്ഷം വീടുകള്‍ നിര്‍മിക്കും; പൊതുവേദിയില്‍ കരഞ്ഞതിനു പിന്നാലെ കിമ്മിന്റെ പുതിയ പ്രഖ്യാപനം

സിയോള്‍: കഴിഞ്ഞ മാസമുണ്ടായ കൊടുങ്കാറ്റില്‍ കിടപ്പാടം തകര്‍ന്ന പൗരന്‍മാര്‍ക്ക് വീടുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. 25,000ത്തിലധികം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് പൊതുവേദിയില്‍ കരഞ്ഞതിനുപിന്നാലെയാണ് കിമ്മിന്റെ വീട് നിര്‍മാണ പ്രഖ്യാപനവും വന്നിരിക്കുന്നത്.

കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, ജനങ്ങള്‍ താമസിക്കുന്ന 50 വര്‍ഷത്തിലധികം പഴക്കമുള്ള വീടുകള്‍ കണ്ട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെന്ന് സ്റ്റേറ്റ് മീഡിയ അറിയിച്ചു.

സൈനിക സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് കാല്‍ ലക്ഷത്തിലധികം വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിക്കാണ് കിം തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2300 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതായി സ്റ്റേറ്റ് മീഡിയ പറയുന്നു.

വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വാര്‍ഷികത്തില്‍ സംസാരിക്കുമ്പോഴാണ് കിം കരഞ്ഞത്. കോവിഡ് വൈറസ് വ്യാപന സാഹചര്യത്തില്‍ രാജ്യത്തെ നയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു കിം വിങ്ങിപ്പൊട്ടിയത്. പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര്‍ തുടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.