കിങ്​ ജോങ്​ ഉൻ ഇപ്പോഴും കോമയിലോ? അധികാരം സഹോദരിക്ക്​ കൈമാറിയത്​ എന്തിന്​?

പോങ്​യാങ്​: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ എന്നും അന്താരാഷ്​ട്ര മാധ്യമങ്ങൾക്ക്​ വലിയ വാർത്തയാണ്​. രാജ്യ​ത്ത്​ പ്രഖ്യാപിക്കുന്ന വിചിത്ര പരിഷ്​​കാരങ്ങളാലും ലോക 'പൊലീസായ' അമേരിക്കയെ വെല്ലുവിളിച്ചും വാർത്തകളിൽ ഇടം പിടിക്കും. ഈ വർഷം 36 കാരനായ കിം ജോങ്​ ഉന്നിൻെറ അപ്രത്യക്ഷമാകലും ആരോഗ്യത്തെക്കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളുമായിരുന്നു ചൂടൻ വാർത്ത. ഉൻ മരിച്ചതായും ഇല്ലെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു.


ഉത്തരകൊറിയയിൽ അധികാരം കിങ്​ ജോങ്​ ഉൻ സഹോദരി കിം യോ-ജോങ്ങിന്​ കൈമാറിയതായി ഒരാഴ്​ച മുന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ, അധികാര കൈമാറ്റത്തിനു കാരണം അന്വേഷിച്ചവർക്ക്​ ഉത്തരം ലഭിച്ചിരുന്നില്ല. ഒടുവിൽ, കിം ജോങ് ഉന്നിനെ കുറിച്ച്​ 'ഞെട്ടിക്കുന്ന' വാർത്ത ചില അന്താരാഷ്​ട്ര മാധ്യമങ്ങൾ വീണ്ടും പുറത്തു വിട്ടു. ഉത്തരകൊറിയൻ ഏകാധിപതി കിങ്​ ജോങ്​ ഉൻ തിരിച്ചുവരാനാവാത്ത വിധം കോമയിലായിരിക്കുകയാണെന്ന്​​. നേരത്തെ, ഭരണ ഭാരം കുറക്കുന്നതിൻെറ ഭാഗമായാണ്​ അധികാരം കുടുംബാഗങ്ങൾക്ക്​ നൽകുന്നതെന്നായിരുന്നു പുറത്തുവിട്ടിരുന്നത്​. എന്നാൽ, കിമ്മിന്​ ഇനി ഒരിക്കലും അധികാരം ഏറ്റെടുക്കാവില്ലെന്നും പൂർണമായി ആരോഗ്യ നില വഷളായതായും​ റിപ്പോർട്ടുകൾ വരുന്നുണ്ട്​.


കഴിഞ്ഞ ​ഏപ്രിലിലായിരുന്നു കിം മരിച്ചതായ വാർത്തകൾ പുറത്തു വന്നിരുന്നത്​. നീണ്ട അനിശ്ചിതത്വങ്ങൾക്കിടയിൽ കിം പൊതുപാടികളിൽ പ​ങ്കെടുക്കുന്ന ഫോ​ട്ടോ ഉത്തരകൊറിയൻ അധികാരികൾ പുറത്തുവിട്ടതോടെ അതിന്​ അവസാനമായി. ഉത്തരകൊറിയന്‍ നേതാവ്​ കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്നും ആരോഗ്യവാനാണെന്നും ദക്ഷിണ കൊറിയ പ്രസിഡന്‍റിന്‍റെ സുരക്ഷ ഉപദേഷ്​​ടാവും പറഞ്ഞിരുന്നു.


നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ ആഘോഷമായ അന്തരിച്ച ഉത്തര കൊറിയ സ്ഥാപകന്‍ കിം ഇല്‍ സുങ്ങിന്‍റെ ജന്മവാര്‍ഷിക പരിപാടികള്‍ക്ക് കിം ജോങ് പങ്കെടുത്തിരുന്നില്ല. കിമ്മിന്‍റെ അസാന്നിധ്യം ഉടന്‍ വാര്‍ത്തായായി. കിം, ഹൃദ്രോഗ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണെന്നും കോവിഡ്-19 കാരണം ഒളിച്ചു കഴിയുകയാണെന്നും കിം മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതൊന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളോ ദക്ഷിണ കൊറിയയോ സ്ഥിരീകരിച്ചിരുന്നില്ല.


വർഷങ്ങൾക്ക്​ മുമ്പും കിമ്മിൻെറ അപ്രത്യക്ഷമാവാൽ ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2014ൽ ഒരു പൊതുപരിപാടിക്കു ശേഷം കിമ്മിനെ ഭരണകാര്യങ്ങളിൽ തീരെ കണ്ടില്ല. ശരീരത്തിൽ വിഷം കുത്തിവെക്കപ്പെട്ടതായും മരിച്ചതായും വാർത്ത ​പരന്നു. ഒടുവിൽ ഒന്നരമാസങ്ങള്‍ക്ക് ശേഷം ഊന്നുവടിയുമായാണ് കിം പ്രത്യക്ഷപ്പെട്ടത്.

ഈ വർഷം ഏപ്രില്‍ 11ന് കൊറിയ വര്‍ക്കേഴ്‍സ്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ സമ്മേളനത്തിനാണ് അവസാനമായി ഒരു ഔദ്യോഗിക പൊതുപരിപാടിയില്‍ കിം ജോങ് ഉന്‍ പങ്കെടുത്തത്.


ആണവ കരാര്‍ ലംഘനത്തിന്‍റെ പേരില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് രാജ്യം. ആണവ നിരായുധീകരണത്തിന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഉത്തര കൊറിയ ചര്‍ച്ചകള്‍ക്ക് തയാറായിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. മൂന്ന് തലമുറയായി കിം കുടുംബമാണ്​ രാജ്യം ഭരിക്കുന്നത്​​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.